മൂന്ന് മാസം പ്രായമായ കുഞ്ഞിനെയുള്‍പ്പെടെ ആറ് മക്കളെ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ദമ്പതികള്‍

ആറ് മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. ഈജിപ്തുകാരായ 42 വയസുള്ള ഭര്‍ത്താവിനെയും 38 വയസുകാരിയായ ഭാര്യയേയുമാണ് കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ജോലി നഷ്ടമാവുകയും കുടുംബ പ്രശ്‌നങ്ങള്‍ കൂടുകയും ചെയ്തതോടെയാണ് ഇരുവരും തങ്ങളുടെ രണ്ട് സുഹൃത്തുക്കളുടെ ഒപ്പം വെവ്വേറെ താമസിക്കാന്‍ പോയത്.

പന്ത്രണ്ട് വയസ്, ഏഴ് വയസ്, നാല് വയസ്, മൂന്ന് മാസം എന്നിങ്ങനെ പ്രായമുള്ള നാല് പെണ്‍മക്കളെയും പതിനാല് വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് ആണ്‍ മക്കളെയും ഉപേക്ഷിച്ചാണ് ഇരുവരും വെവ്വേറെ താമസിക്കാന്‍ പോയത്. കുട്ടികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സസ് റൂമില്‍ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തങ്ങളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയെന്നും രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നും ഒരു കുട്ടി അവരോട് പറയുകയായിരുന്നു. വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതനുസരിച്ച് കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ഭക്ഷണത്തിന് വകയില്ലാതെ ഭാര്യയെയും ആറ് മക്കളെയും അപ്പാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിച്ച്, ഭര്‍ത്താവ് നാല് മാസം മുമ്പ് ഭാര്യയുടെ അടുത്ത് നിന്ന് മാറി മറ്റൊരു സുഹൃത്തിനൊപ്പം താമസം തുടങ്ങിയിരുന്നു.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ മുമ്പ് ഭാര്യയും കുട്ടികളെ ഉപേക്ഷിച്ച് ഒരു സുഹൃത്തിനൊപ്പം പോവുകയായിരുന്നു. ഇതോടെ മൂത്ത രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകാതെ മൂന്ന് പ്രായം പ്രായമുള്ള സഹോദരിയെ നോക്കി അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കുട്ടികളുടെ പരിചരണത്തില്‍ വീഴ്ച വരുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇവരെ സ്വന്തം നാട്ടിലേക്ക് തന്നെ അയക്കാനാണ് അധികൃതരുടെ തീരുമാനം. കുടുംബത്തിന്റെ ഇഖാമ പുതുക്കരുതെന്ന് കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി

അധികൃതര്‍ ഭര്‍ത്താവിനെ വിളിച്ചു വരുത്തിയപ്പോള്‍ തനിക്ക് ജോലി നഷ്ടമായെന്നും പണമില്ലെന്നും അറിയിച്ചു. ഭാര്യയുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ താന്‍ വീടുവിട്ട് നാല് മാസമായി സുഹൃത്തിനൊപ്പമാണ് താമസം. എന്നാല്‍ മക്കളുടെ എല്ലാ ചെലവും താനാണ് വഹിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം തനിക്ക് പണമൊന്നുമില്ലെന്നും കുട്ടികളെ നോക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ വീടുവിട്ടുപോയതാണെന്നുമാണ് ഭാര്യ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration