കൊൽക്കത്തയിൽ ഐഫോൺ വാങ്ങാനായി എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇൻസ്റ്റാഗ്രാം റീൽസ് ചെയ്യുന്നതിനായിട്ടാണ് ദമ്പതികൾ ഐഫോൺ വാങ്ങാനായി പദ്ധതിയിട്ടത്. എന്നാൽ ഫോൺ വാങ്ങാൻ പണം തികയാതെ വന്നപ്പോൾ സ്വന്തം കുഞ്ഞിനെ വിൽക്കുകയായിരുന്നു.
കുഞ്ഞിനെ പോലീസ് രക്ഷപെടുത്തി. കുട്ടിയുടെ മാതാവ് സതിയെ പോലീസ് അറസ്റ്റ് ചെയ്തു, ഒളിവിലായിരുന്ന പിതാവ് ജയദേവിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങൾ ഷൂട്ട് ചെയ്ത റീൽസാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികളുടെ പ്ലാൻ. കുഞ്ഞിനെ കാണാതായതിനെത്തുടർന്നുള്ള ദമ്പതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽക്കാർ ചോദ്യം ചെയ്തതിനെത്തുടർന്നാണ് കുഞ്ഞിനെ വിറ്റ സംഭവം പുറത്തുവന്നത്. കുറ്റസമ്മതത്തെ തുടർന്ന് ഖർദ പ്രദേശത്തെ ഒരു സ്ത്രീയിൽ നിന്ന് പോലീസ് കുഞ്ഞിനെ രക്ഷപെടുത്തി.
Also read: എന്റെ കൂട്ടുകാരനെ തൊട്ടുപോകരുത്; ‘ബെസ്ററ് ബോഡിഗാർഡ്’ എന്ന് സോഷ്യൽ മീഡിയ
അതേസമയം, അന്വേഷണം പൂർത്തിയാകുന്നതുവരെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. വിറ്റ കുട്ടിയെ കൂടാതെ ഏഴ് വയസുള്ള ഒരു മകൾ കൂടി ഈ ദമ്പതികൾക്കുണ്ട്. കുഞ്ഞിനെ കാണാതായ ഉടനെ തന്നെ വില കൂടിയ സ്മാർട്ട് ഫോൺ ഇവർക്ക് ലഭിച്ചതോടെയാണ് അയൽവാസികളിൽ സംശയമുണർത്തിയത്. ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും അയൽവാസികൾ ആരോപിക്കുന്നുണ്ട്.
“ആൺകുട്ടിയെ വിറ്റതിനുശേഷം ശനിയാഴ്ച അർധരാത്രിയോടെ ജയദേവ് പെൺകുട്ടിയെയും വിൽക്കാൻ ശ്രമിച്ചു. അത് മനസിലായ ഉടൻ ഞങ്ങൾ പൊലീസിനെ വിവരമറിയിച്ചു” പ്രദേശത്തെ കൗണ്‍സിലര്‍ താരക് ഗുഹ പറഞ്ഞു. കുട്ടിയെ രക്ഷിച്ചതിനൊപ്പം, കുട്ടിയെ വാങ്ങിയ റഹ്‌റ സ്വദേശിയായ പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വിറ്റത് ദാരിദ്ര്യം കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന അന്വേഷിച്ച് വരികയാണ് പൊലീസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here