ബാഗ്‌പതില്‍ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കി യുപി കോടതി; മഹാഭാരത്തിലെ ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമെന്ന് വാദം

ബാഗ്‌പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലീം പക്ഷം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഉത്തര്‍പ്രദേശിലെ ബാഗ്‌പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാനായി മുസ്ലീം പക്ഷം സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹര്‍ജിയാണ് ബാഗ്‌പത് ജില്ലാ കോടതി തള്ളിയത്.

ഹര്‍ജി തള്ളപ്പെട്ടതോടെ കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വിഭാഗം അഭിഭാഷകന്‍ അഡ്വ.ഷാഹിദ് ഖാന്‍ പറഞ്ഞു. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം. സൂഫി വര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കാന്‍ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്.

തിങ്കളാഴ്ചയാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലീം പക്ഷത്തിന്റെ ഹര്‍ജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. ബാഗ്പതിലെ ഹിന്ദു പുരോഹിതന്‍ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്. 1970 ല്‍ ഹിന്ദു വിഭാഗം ദര്‍ഗയ്ക്കകത്ത് അതിക്രമിച്ച് കയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ദര്‍ഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ബാഗ്‌പത് ജില്ലയിലെ ബര്‍ണാവ ഗ്രാമത്തിലാണ് സൂഫി വര്യന്‍ ബദ്റുദ്ദീന്‍ ഷായുടെ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 600 വര്‍ഷം പഴക്കമുണ്ടിതിന് എന്നാണ് കരുതപ്പെടുന്നത്. 53 വര്‍ഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാരംഭിച്ചത്. മഹാഭാരത്തില്‍ പരാമര്‍ശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News