മുംബൈയിലെ ഒരു കോടതിയിൽ വക്കീലന്മാർക്കും പോലീസുകാർക്കും പ്രതികൾക്കുമൊക്കെ പുറമെയെത്തിയ ഒരു അതിഥി ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. മുംബൈയിലെ 27 മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് പാമ്പ് കയറിയതിനെ തുടർന്ന് ഒരു മണിക്കൂറോളം കോടതി നടപടികൾ നിർത്തി വെക്കേണ്ടി വന്നത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. രണ്ടടി നീളമുള്ള പാമ്പാണ് കോടതിയിലെത്തിയത്. സംഭവം കോടതി മുറിയിൽ ഉണ്ടായിരുന്നവരിൽ പരിഭ്രാന്തി പരത്തിയെന്നും കോടതി നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജഡ്ജി തീരുമാനിക്കുകയായിരുന്നെന്നും കോടതി മുറിയിൽ ഉണ്ടായിരുന്ന ഒരു അഭിഭാഷകൻ പറഞ്ഞു.
ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാരും അഭിഭാഷകരും ഭയന്ന് കോടതിക്ക് പുറത്തേക്ക് ഓടി. തുടർന്ന് പാമ്പ് പിടിക്കുന്നയാളെ വിളിച്ചുവെങ്കിലും നിരവധി പഴയ ഫയലുകളും രേഖകളും നിറഞ്ഞ കോടതിയിൽ ‘മുങ്ങിയ’ പാമ്പിനെ മണിക്കൂറുകൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇതാദ്യമായല്ല കോടതിയിൽ പാമ്പ് കയറുന്നതെന്ന് ജീവനക്കാരിൽ ചിലർ പ്രതികരിച്ചു. പാമ്പിന് വിഷമില്ലെന്നും കോടതിയിലെ നിത്യസന്ദർശകനാണെന്നും സമീപത്തെ വയലിൽ നിന്നാണ് പാമ്പ് എത്തുന്നതെന്നും അഭിഭാഷകൻ നികേഷ് താക്കൂർ പറഞ്ഞു. ഒരു ദിവസം മുമ്പ് കോടതി മുറിയുടെ ജനാലയിൽ പാമ്പിനെ കണ്ടിരുന്നു. രണ്ട് മാസം മുമ്പ് ജഡ്ജിയുടെ ചേമ്പറിൽ മറ്റൊരു പാമ്പിനെ കണ്ടതായും അഭിഭാഷകൻ ബിശ്വരൂപ് ദുബെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here