ബിജെപി പ്രവർത്തകൻ മധു മുല്ലശ്ശേരിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മധുവിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. മുൻകൂർ ജാമ്യം തള്ളിയതോടെ മധുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് ഉള്ളത്. എന്നാൽ മധു നിലവിൽ ഒളിവിലാണെന്നും സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കം നടത്താനാണ് സാധ്യതയെന്നും സൂചനയുണ്ട്. മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച തുക വെട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പൊലീസിൽ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മധുവിനെതിരെ കേസെടുത്തത്.
തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരി ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ഏരിയാ സെക്രട്ടറി ആക്കാത്തതിനെ തുടർന്നായിരുന്നു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയിൽ ചേർന്ന മധുമുല്ലശ്ശേരിക്കെതിരെ സിപിഐഎം പൊലീസിൽ പരാതി നൽകിയിരുന്നു.
പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ നിലവിലെ ഏരിയാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയിരുന്നു. പിന്നീട് മംഗലപുരം ഏരിയയിലെ 10 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പൊലീസിലും ഇതുസംബന്ധിച്ച് പരാതി നൽകി.
പക്ഷേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. ഏരിയാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് മൂന്നേകാൽ ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here