കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതി അറിഞ്ഞില്ല എന്ന് ഷാരോൺ വധക്കേസ് വിധി വായിക്കുന്നതിനിടയിൽ കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ എം ബഷീറാണ് ഷാരോൺ വധക്കേസിലെ വിധി പറയുന്നത്.
പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57 സാക്ഷികളെ വിസ്തരിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതിയായ ഗ്രീഷ്മ അറിഞ്ഞില്ലെന്നും കോടതി പറഞ്ഞു. പാര സെമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയതും, വിവാഹം ഉറപ്പിച്ചതിന് ശേഷവും ഷാരോണുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടിരുന്നു എന്നതും അന്വേഷണത്തിൽ തെളിഞ്ഞതായും വിധി പ്രസ്താവത്തിൽ പറഞ്ഞു.
വിധി വായിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ. 556 പേജുള്ള വിധി പകർപ്പാണ് കോടതി വായിച്ചത്. അന്വേഷണത്തിൽ സാഹചര്യ തെളിവുകൾ നല്ല രീതിയിൽ പൊലീസ് ഉപയോഗിച്ചു എന്നും കോടതി നിരീക്ഷിച്ചു.
മരിക്കാൻ കിടക്കുമ്പോഴും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു എന്ന് നിരീക്ഷിച്ച കോടതി ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലായെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടന്നിരിക്കുന്നു ശിക്ഷ ഉറപ്പാക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here