ബാബ്റി മസ്ജിദ് കേസിലെയും ഗ്യാന്‍വാപി കേസിലെയും കോടതി വിധികളാണ് ആരാധനാലയങ്ങളെ ചൊല്ലിയുള്ള സംഘപരിവാറിന്റെ പുതിയ അവകാശവാദങ്ങളെ ശക്തിപ്പെടുത്തുന്നത്. നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് അവകാശവാദങ്ങളും തര്‍ക്കങ്ങളും സജീവമാക്കി ബാബറി മസ്ജിദിന്
ലഭിച്ച വിധി തന്നെയാണ് സംഘപരിവാര്‍ കിനാവു കാണുന്നത്.
കോടതിവിധികളിലല്ല നീതിബോധമുള്ള മനുഷ്യരുടെ ഓര്‍മ്മകളിലാണ് ചരിത്രം തലയുയര്‍ത്തി നില്‍ക്കുന്നത്. 1992 ഡിസംബര്‍ 6ന് ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ രാജ്യത്തിനേല്‍പ്പിച്ച മാരകമായ മുറിവിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നതായിരുന്നു 2019ലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി. പള്ളി നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ലഭിച്ചത് ആ വിധിയിലൂടെയാണ്.
വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കി ബിജെപി അതിനുള്ള കടപ്പാട് കാട്ടി. ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറുമാക്കി. ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷത്തോളം വരുന്ന കര്‍സേവകരുടെ റാലിയാണ് സുരക്ഷാസേനയെ നോക്കുകുത്തിയാക്കി ബാബറി മസ്ജിദ് തകര്‍ത്തത്.
ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ആ റാലിക്ക് നേതൃത്വം നല്‍കിയത്. പിന്നാലേ നടന്ന കലാപത്തില്‍ രണ്ടായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 2020ലെ ലഖ്‌നൗ പ്രത്യേക കോടതി ആ കേസും മടക്കിവെച്ചത് എല്ലാ പ്രതികളെയും നിരുപാധികം വിട്ടയച്ചു കൊണ്ടാണ്.
ആരാധനാലയങ്ങളുടെ തല്‍സ്ഥിതി സംരക്ഷിക്കാനുള്ള 1947 ആഗസ്ത് 15ലെ നിയമത്തില്‍ നിന്ന് ബാബ്റി മസ്ജിദിനെ മാത്രമാണ് 2019ലെ സുപ്രീംകോടതി വിധി ഒഴിവാക്കിയത്. വിധിയെ നീതിയുക്തമായ തീര്‍പ്പ് എന്നതിലുപരി രാജ്യത്ത് മതസൗഹാര്‍ദവും സമാധാനവും സംരക്ഷിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് പൊതുസമൂഹം കണ്ടത്.
2022-ല്‍ ഗ്യാന്‍വാപി കേസില്‍ വിചാരണാ കോടതിയും ഹൈക്കോടതിയും തള്ളിയിട്ടും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുരാവസ്തു വകുപ്പിന്റെ സര്‍വേ നടപടികള്‍ അനുവദിച്ചതാണ് ഇപ്പോള്‍ രാജ്യത്തെ മുസ്ലീം പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും നേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അവകാശവാദങ്ങളെയെല്ലാം ആളിക്കത്തിക്കുന്നത്.
സംഘപരിവാര്‍ അവകാശമുന്നയിക്കുന്ന സംഭല്‍ മസ്ജിദ് കമ്മിറ്റിയുടെ അപ്പീലിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ആശ്വാസം! എന്നാല്‍ എത്രകാലം? ബാബരി കേസിലെ സ്വന്തം വിധിയുടെ ലംഘനം നടത്തിക്കൊണ്ട് ഗ്യാന്‍വാപി കേസില്‍ പണ്ടോറയുടെ പെട്ടി തുറന്ന ഡി വൈ ചന്ദ്രചൂചൂഡ് വെറുമൊരു കളിപ്പാവയാവുകയായിരുന്നുവെന്നാണ് ഇപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദുവേയുടെ വെളിപ്പെടുത്തല്‍.
അതു സത്യമെങ്കില്‍ സംഭല്‍ മസ്ജിദിനെയും അജ്മീര്‍ ദര്‍ഗയെയും ദില്ലി ജുമാമസ്ജിദിനെയും കാത്തിരിക്കുന്നതും ബാബറി മസ്ജിദിന്റെ വിധിയല്ലെന്ന് ആര്‍ക്ക് പറയാനാവും?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here