സംസ്ഥാനത്ത് കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ 497 കറവ പശുക്കൾ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. പശുക്കൾ ചത്തതിനെ തുടർന്ന് പ്രതിദിന പാൽ ഉൽപാദം കുത്തനെ കുറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. 44 പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജലം ലഭിക്കുന്നില്ല. ഇതും പശുക്കൾ ചത്തൊടുങ്ങുന്നതിന് കാരണമായി. കൊല്ലത്ത് മാത്രം 105 കറവ പശുക്കളാണ് ഇതുവരെ ചത്തത്. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തുറസായ പ്രദേശത്ത് മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി പ്രത്യേകം നിർദേശിച്ചു.
കർഷകർക്കുള്ള മറ്റ് പ്രത്യേക നിർദേശങ്ങൾ:
മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക. കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.
തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ മുതൽ വൈകിട്ട് നാലുവരെ പൊള്ളുന്ന വെയിലിൽ തുറസായി മേയാൻ വിടുന്നത് ഒഴിവാക്കുക. ശുദ്ധമായ തണുത്ത കുടിവെള്ളം 24 മണിക്കൂറും ലഭ്യമായിരിക്കണം.
വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്,ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here