ഗോമൂത്രത്തില്‍ അപകടകാരിയായ ബാക്ടീരിയ; മനുഷ്യര്‍ നേരിട്ട് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് പഠനം

ഗോമൂത്രത്തില്‍ അപകടകാരിയായ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് പഠനം. മനുഷ്യര്‍ ഗോമൂത്രം നേരിട്ട് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടകാരിയായ ബാക്ടീരിയ അടങ്ങിയിട്ടുള്ള ഗോമൂത്രം നേരിട്ട് ഉപയോഗിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഐവിആര്‍ഐ ഗവേഷകനായ ഭോജ് രാജ് സിംഗും ഒരു കൂട്ടം പിഎച്ച്ഡി വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പഠനം നടത്തിയത്. ഇ-കോളി സാന്നിധ്യമുള്ള ഏകദേശം പതിനാല് തരം ബാക്ടീരിയകള്‍ ഗോമൂത്രത്തില്‍ ഉണ്ടെന്നാണ് സംഘം കണ്ടെത്തിയത്. ഇത് ഗുരുതരമായ ഉദര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗോമൂത്രം പലരും പല ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുണ്ട്. ഗോമൂത്രത്തിന് ഔഷധഗുണങ്ങളുണ്ടെന്നും പരിശുദ്ധമാണെന്നുമാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാനാകില്ലെന്നും ഗവേഷകനായ ഭോജ് രാജ് സിംഗ് പറയുന്നു. ഒരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് ശുപാര്‍ശ ചെയ്യാനാകില്ല. ശുദ്ധീകരിച്ച ഗോമൂത്രത്തില്‍ ബാക്ടീരിയ ഇല്ലെന്ന വാദത്തിന് വ്യക്തതയില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഭോജ് രാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബാക്ടീരിയയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പോത്തിന്റെ മൂത്രം ഏറെ ഫലപ്രദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ഗോമൂത്രവും പോത്തിന്റെ മൂത്രവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വ്യത്യസ്ത തരത്തിലുള്ള 73 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി എന്നീ ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ഗവേഷണത്തിന് വിധേയമാക്കിയതെന്നും പഠനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News