ആശയങ്ങളും നിലപാടും തള്ളിപ്പറഞ്ഞാൽ സന്ദീപ് വാര്യരുടെ മാറ്റം പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സത്യവും ധർമവും നീതിയും ഇല്ലാത്തവരാണ് ബിജെപിക്കാർ. കൊടകര വിഷയത്തിൽ, ട്രാക്കിലും ചാക്കിലും കള്ളപ്പണം കൊണ്ടുവരുന്നവരാണ് ബിജെപിക്കാരെന്നും ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട് ഉപ തെരഞ്ഞെടുപ്പ് മാറ്റിയത് തങ്ങൾ നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോൾ കേട്ടില്ല. കൽപാത്തി രഥോൽസവം ഒരു ദേശീയ സാംസ്കാരിക ഉത്സവം ആണ്. ഇത് കണ്ടുകൊണ്ടാണ് എൽഡിഎഫും യുഡിഎഫും തെരെഞ്ഞെടുപ്പ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടതെന്നും തീരുമാനം സ്വാഗതം ചെയ്യുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു.
എന്നാൽ, ഏതോ പാർട്ടിക്കു വേണ്ടിയാണ് ഇത്തരത്തിൽ ഇലക്ഷൻ മാറ്റിവെക്കുന്നത് എന്നും കേട്ടിട്ടുള്ളതായും ഇലക്ഷൻ കമ്മിഷന് വേണ്ടപ്പെട്ട പാർട്ടിയാണതെന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു. മുനമ്പം വിഷയത്തിൽ ചിലർ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കാലങ്ങളായി കഴിയുന്ന മനുഷ്യരെ കുടിയിറക്കാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വഖഫ് ആയാലും ദേവസ്വം ബോർഡായാലും സർക്കാരിന് ഒരേ നിലപാടാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും മുസ്ലിം-ക്രിസ്ത്യൻ തർക്കമാക്കി അതിനെ മാറ്റാൻ ശ്രമിക്കുന്നവർ കുളം കലക്കൽ ടീംസാണെന്നും തമ്മിലടിപ്പിച്ചാൽ അതിൻ്റെ ഗുണം ലഭിക്കുക ബിജെപിക്കായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here