സ്വന്തമായി വീടും പേടിക്കാതെ കഴിയാനുള്ള സ്ഥലവുമാണ് ആവശ്യമെന്ന് കഴിഞ്ഞ ദിവസം വീട് നഷ്ടപ്പെട്ട ലീല. മിനിട്ടുകൾക്കകം സഹായം വാഗ്‌ദാനവുമായി സിപിഐഎം രംഗത്തെത്തി. എറണാകുളം പറവൂരിൽ കഴിഞ്ഞ ദിവസമാണ് സഹോദരിപുത്രൻ അവിവാഹിതയായ ലീല താമസിച്ചിരുന്ന വീട് ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്.
Also Read; കനത്ത മഴയിൽ വീട് പൂർണമായി തകർന്ന് വീണു
ആരോരും ഇല്ലാത്ത അവിവാഹിത ഒറ്റക്ക് താമസിച്ചിരുന്ന വീടാണ് കഴിഞ്ഞ ദിവസം സഹോദരിപുത്രൻ രമേശ് പൊളിച്ചു കളഞ്ഞത്. ആലുവ ഡിടിപി സെന്ററിൽ ജോലി ചെയ്യുന്ന ലീല ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട് ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയ നിലയിൽ കണ്ടത്. വസ്ത്രങ്ങൾ അടക്കം നഷ്ടമായി. പൊളിച്ച വീടിനോട് ചേർന്ന് നാട്ടുകാർ ഒരുക്കി കൊടുത്ത താത്കാലിക ഷെഡിൽ ആണ് ലീല ഇപ്പോൾ കഴിയുന്നത്. ആരെയും പേടിക്കാതെ ജീവിക്കാൻ സ്വന്തമായി ഒരു വീട് ആണ് വേണ്ടത് എന്ന് ലീല പറഞ്ഞിരുന്നു.
വീടിരുന്ന സ്ഥലം തർക്ക വസ്തുവാണ്. സഹോദര പുത്രൻ രമേശിനും കുടുംബത്തിനുമൊപ്പം വർഷങ്ങളായി ലീല ഈ വീട്ടിൽ ആണ് താമസിച്ചരുന്നത്. ഇറങ്ങി പോകാൻ പല തവണ രമേശ് ആവശ്യപ്പെട്ടിരുന്നതായും ലീല പറഞ്ഞു. രണ്ട് ദിവസം മുൻപാണ് രമേശ് ഈ വീട്ടിൽ നിന്നും താമസം മാറ്റിയത്. വീടിന്റെ ലൈസെൻസ് ഉള്ള മറ്റൊരു സഹോദരന്റെ മകളും വീട് പൊളിക്കുന്നത് അറിഞ്ഞിരുന്നില്ല. ലീലയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഈട് വെച്ച വസ്തു ബാങ്കിന്റെ അറിവില്ലാതെ പൊളിച്ചു നീക്കിയതിന് പറവൂർ സഹകരണ ബാങ്കും പരാതി നൽകിയിട്ടുണ്ട്.
വീട് തകര്‍ന്നതോടെ തകര്‍ന്ന വീടിന് സമീപം ഷീറ്റ് കെട്ടി താമസിക്കുന്ന ലീലയുടെ ദുരിത ജീവിതം അറിഞ്ഞതിന് മിനിറ്റുകള്‍ക്ക് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ലീലയ്ക്ക് ഇന്നോ നാളെയോ താത്ക്കാലിക വീട് നിര്‍മിച്ചുനല്‍കുമെന്നും കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇവര്‍ക്ക് സ്ഥിരമായി താമസ സൗകര്യമൊരുക്കാന്‍ ശ്രമിക്കുമെന്നും ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്നും സിപിഐഎം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here