ജനനായകന്‍ ആനത്തലവട്ടം ആനന്ദന് വിടചൊല്ലി കേരളം, അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക് ശാന്തികവാടത്തില്‍ നടന്നു. കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ ആറുപതിറ്റാണ്ടുകാലം നയിച്ച നേതാവിന്റെ ഭൗതിക ശരീരം വിലാപയാത്രയായാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുമാണ് വിലാപയാത്ര ആരംഭിച്ചത്.
ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു. എ കെ ജി സെന്ററില്‍ എത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്. മറ്റ് രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി നേതാക്കളുമായാണ് മുഖ്യമന്ത്രി അവസാനമായി തങ്ങളുടെ പ്രിയ സഖാവിനെ കാണാന്‍ എത്തിയത്.
Also Read : ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. 2009 മുതല്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരിക്കെയാണ് വിയോഗം.
22 ഏപ്രില്‍ 1937 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനിച്ചു.1954ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിലേക്കുമുള്ള ആദ്യ പടിയായി. വര്‍ക്കല വിളഭാഗം കേന്ദ്രീകരിച്ച് 1950 ല്‍ രൂപപ്പെട്ട ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം നടന്നത്.
1958ല്‍ സമരം ഫലപ്രാപ്തിയിലെത്തി. ഈ സമരത്തിനായി റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആയി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു. ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി.
1971ല്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972ല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സെക്രട്ടറി ആയി. 1987 ,1996, 2001 വര്‍ഷങ്ങളില്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here