കുട്ടിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം; കേന്ദ്രം കണ്ണുതുറക്കണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍

കണ്ണൂരില്‍ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തില്‍ കേന്ദ്രം കണ്ണുതുറക്കണമെന്ന് പി. കെ ശ്രീമതി ടീച്ചര്‍. മനുഷ്യന്റെ ജീവനാണ് പരിഗണന നല്‍കേണ്ടതെന്നും സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.

Also Read- ‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

മൃഗങ്ങളുടെ ജീവന് വിലയില്ലെന്നല്ലെന്നും മനുഷ്യ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ദാരുണമായ ഒരു സംഭവം നടന്നു. ആ കുഞ്ഞിന്റെ മരണം ആരുടേയും മനസലിയിക്കുന്നതാണ്. അതിലും രാഷ്ട്രീയം കാണാനാണ് പലരും ശ്രമിച്ചത്. തെരുവുനായ വിഷയത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നിയമ പോരാട്ടം തുടരുമെന്നും ദിവ്യ അറിയിച്ചു.

Also Read- കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകം; തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുകയാണ് പോംവഴിയെന്ന് മന്ത്രി എം.ബി രാജേഷ്

ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ നൗഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് വൈകീട്ട് തെരുവുനായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേര്‍ന്ന തൊടിയില്‍ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചായിരുന്നു മൃതദേഹം. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ കുട്ടി പുറത്തുപോയതാണെന്നാണ് കരുതുന്നത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News