സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ചിറ്റൂരിൽ എൻ ജി ഒ യൂണിയൻ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയവാദിക്ക് വിശ്വാസമില്ല, എന്നാൽ വർഗ്ഗീയവാദികൾ വിശ്വാസം ഒരു ഉപകരണമായി രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടാൻ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന ഹിന്ദു രാഷ്‌ട്രം എന്നത് ഹിന്ദുക്കൾക്ക് വേണ്ടിയല്ല, കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണ്. അദാനിയാണ് നരേന്ദ്രമോദി സർക്കാരിന്റെ ഏറ്റവും വലിയ ഉത്പന്നം. 20 ലക്ഷം കോടിയാണ് നരേന്ദ്ര മോദി സർക്കാർ കോർപറേറ്റുകൾക്ക് എഴുതി തള്ളിയത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അദാനിയുടെ ആസ്തി അര ലക്ഷം കോടിയാണ്. ഇപ്പോൾ അദാനിയുടെ ആസ്തി 8.11 ലക്ഷം കോടിയാണ്. അദാനിക്ക് ഒരു ദിവസം 1600 കോടി രൂപയുടെ ആസ്തിയാണ് വർധിക്കുന്നത്.
തട്ടിപ്പറിച്ച് ഉണ്ടാക്കുന്ന സഞ്ചിത മൂലധനമാണ് അദാനിക്ക് ഉള്ളത്. മതം രാഷ്ട്രീയത്തിൽ കലർത്താൻ പാടില്ല എന്നതാണ് ഇന്ത്യൻ ഭരണഘടന പറയുന്നത്. എന്നാൽ അതിന് വിരുദ്ധമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യം. ഭൂപ്രഭുത്വത്തിന്റെ മേൽ ഇന്ത്യയിൽ മുതലാളിത്തം കെട്ടിപ്പൊക്കി. അതുകൊണ്ട് തന്നെ ഇന്ത്യയിൽ എവിടെയും വർഗ്ഗീയ കലാപങ്ങൾ നടക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ കേരളത്തിൽ അതിനെ പ്രതിരോധിക്കാൻ ആളുണ്ട്, പക്ഷെ ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളിൽ സാഹചര്യം അതല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here