സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും മാത്രം ഉപകരിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്; സിപിഐഎം പോളിറ്റ്ബ്യൂറോ

സര്‍ക്കാര്‍ വരുമാനത്തില്‍ 14.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടും ചെലവ് കാര്യമായി ചുരുക്കിയ കേന്ദ്രബജറ്റ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബജറ്റിനെ രൂക്ഷമായി സിപിഐഎം വിമര്‍ശിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്ന വെറും പിന്തിരിപ്പന്‍ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ഇത് തൊഴിലില്ലായ്മയും ഭക്ഷ്യപണപ്പെരുപ്പവും രാജ്യത്ത് ഉയര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ അസമത്വം സൃഷ്ടിക്കപ്പെടാന്‍ ഈ ബജറ്റ് ഇടയാക്കുമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യാന്തര ധനമൂലധനത്തെ പ്രീണിപ്പിക്കാനായി ധനക്കമ്മി കുറയ്ക്കാന്‍ എന്ന പേരിലാണ് ചെലവ് വെറും 5.94 ശതമാനം മാത്രമാക്കി സര്‍ക്കാരിന്റെയീ ചെലവ് ചുരുക്കല്‍. സ്വകാര്യനിക്ഷേപങ്ങളില്‍ മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുകയാണ് ചെയ്യേണ്ടത്-പിബി പറഞ്ഞു.

ALSO READ: കേന്ദ്രബജറ്റിലെ ബിഹാറിനുള്ള പ്രത്യേക പരിഗണന; സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ നന്നായിരുന്നെന്ന് ഡോ. ജോണ്‍ബ്രിട്ടാസ് എംപി

തൊഴില്‍ സൃഷ്ടിക്കാനെന്ന പേരില്‍ അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതി കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കാനാണ്. പുതിയൊരു തൊഴിലാളിക്ക് മൂന്ന് ഗഡുവായി 15,000 രൂപ ലഭിക്കുമ്പോള്‍ തൊഴിലുടമയ്ക്ക് ഓരോ തൊഴിലാളിയുടെയും പേരില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 72,000 രൂപ ലഭിക്കും. നൈപുണ്യ വികസനപദ്ധതികള്‍ വഴി തൊഴിലില്ലായ്മ പരിഹരിക്കാനാവില്ല. ജിഡിപിയിലുള്ള സര്‍ക്കാര്‍ അവകാശവാദം സ്ഥിതിവിവര കണക്കിലെ തട്ടിപ്പു മാത്രമാണ്. സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. വളം സബ്സിഡിയില്‍ 24,894 കോടി രൂപയും ഭക്ഷ്യസബ്സിഡിയില്‍ 7,082 കോടി രൂപയുടെയും കുറവ് വരുത്തി. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണവികസനം എന്നീ മേഖലയ്ക്കുള്ള വിഹിതത്തിലും ഫലപ്രദമായ വര്‍ധനയില്ല പിബി ചൂണ്ടിക്കാട്ടി. ബിഹാറും ആന്ധ്രപ്രദേശും ഒഴികെയുള്ള സംസ്ഥാനങ്ങളെ ബജറ്റില്‍ അവഗണിച്ചു. ജെഡിയുവിനെയും ടിഡിപിയെയും ആശ്രയിച്ച് ഭരണം നിലനിര്‍ത്താനാണ് ഈ രണ്ട് സംസ്ഥാനങ്ങളെ ബജറ്റില്‍ കാര്യമായി പരിഗണിച്ചത്.
ധനകമ്മിഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 2022-23 ല്‍ 1,72,760 കോടിയായിരുന്നത് 2023-24 ല്‍ 1,40,429 കോടിയായി കുറഞ്ഞിരിക്കുകയാണ്. ഈ ബജറ്റില്‍ വീണ്ടും കുറഞ്ഞ് 1,32,378 കോടിയായി. ജനങ്ങളെയും സമ്പദ്ഘടനയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളോടും പിബി ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News