മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലുകളില്‍ മോദി സര്‍ക്കാര്‍ മറുപടി പറയണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തിയ കാര്യങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. ആരോപണങ്ങളില്‍ മോദി സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കണമെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ആവശ്യം.
ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പിരിച്ചുവിടുകയും ചെയ്ത രീതിയെക്കുറിച്ചുള്ള ആരോപണങ്ങളും ഗൗരവമുള്ളതാണ്. മോദി സര്‍ക്കാരിന്റെ മൗനം ദേശീയ സുരക്ഷയ്ക്കും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. രാജ്യസുരക്ഷയും ഭരണഘടനാ പവിത്രതയും മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയെന്നായിരുന്നു സത്യപാല്‍ മാലിക് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈ വിവരം പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഇതിനെ ഉപയോഗിച്ചുവെന്നും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടെന്നും എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നുവെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.
ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. കശ്മീരിനെ കുറിച്ച് മോദിക്ക് ഒന്നും അറിയില്ലെന്നും രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്‌നമില്ലെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here