വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ധനസഹായം ഉടന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. നാല് മാസം കഴിഞ്ഞിട്ടും അര്‍ഹമായ സഹായം നല്‍കാത്തത് മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് പിബി വിമര്‍ശിച്ചു. ആരാധനാലയ നിയമത്തെ മറികടന്നുളള കീഴ്‌ക്കോടതി വിധികളില്‍ പൊളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ദില്ലിയില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് സുപ്രധാന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. ദുരന്തത്തെ ഗുരുതര പ്രകൃതി ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം.
ദുരിതബാധിത കുടുംബങ്ങള്‍ക്കുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാകാത്തതും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കാത്തതും അന്യായവും മനുഷ്യത്വരഹിതവുമായ സമീപനമാണെന്നും പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. 1991ലെ ആരാധാനാലയ നിയമം ഉണ്ടായിട്ടും ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളിലുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പിബി ആശങ്ക രേഖപ്പെടുത്തി.
ആരാധനാലയ നിയമത്തെ മറികടന്നാണ് കീഴ്‌ക്കോടതികള്‍ പല ഹര്‍ജികളിലും സര്‍വ്വേയ്ക്ക് ഉത്തരവിടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലീം പള്ളികള്‍ പുരാതന ക്ഷേത്രങ്ങളായിരുന്നു എന്നവകാശപ്പെട്ട് കീഴ്ക്കോടതികളില്‍ നിരവധി ഹര്‍ജികളുണ്ട്. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ നിയമം ഉയര്‍ത്തിപ്പിടിച്ച് ഇത്തരം വ്യവഹാരങ്ങള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടാത്തത് ഖേദകരമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
also read;ചേർത്ത് പിടിച്ച് സർക്കാർ: റവന്യൂ വകുപ്പിലെ ക്ലർക്ക് ജോലിയിൽ പ്രവേശിച്ച് ശ്രുതി
സംഭല്‍, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ അടക്കം സംഭവങ്ങളും പിബി ചര്‍ച്ച ചെയ്തു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി-ആര്‍എസ്എസ്, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ലെന്നും സിപിഐഎം പിബി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here