അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ്‌ തമിഴ്‌നാട് അടച്ചതിനെതിരെ പ്രതിഷേധവുമായി സിപിഐഎം

പാലക്കാട് അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ്‌ അടച്ചതിനെതിരെ സിപിഐഎം സമരം. തമിഴ്നാട് വനംവകുപ്പ് നടപടിക്കെതിരെയാണ് സിപിഐഎം സമര രംഗത്ത് വന്നത്. ചെക്ക് പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് മുള്ളിയിൽ ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
അട്ടപ്പാടി – ഊട്ടി പാതയിലെ മുള്ളിയിലെ ചെക്ക് പോസ്റ്റ് തമിഴ്നാട് വനംവകുപ്പ് അടച്ചിട്ട് രണ്ടുവർഷത്തോളമായി. ചെക്ക് പോസ്റ്റ് അടച്ചതോടെ സമീപ പ്രദേശങ്ങളിലുള്ളവരും സഞ്ചാരികളും ദുരിതത്തിലായി. ഇതോടെയാണ് പ്രതിഷേധവുമായി സിപിഐഎം സമരം സംഘടിപ്പിച്ചത്.

സിപിഐഎം പുതൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെക്ക് പോസ്റ്റ് തുറക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധർണ്ണയിൽ സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സിപി ബാബു അധ്യക്ഷത വഹിച്ചു. 140 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ അട്ടപ്പാടിയിൽനിന്ന്‌ മുള്ളിവരെ 35 കിലോമീറ്റർ റോഡ് നവീകരിച്ചിരുന്നു. രണ്ട് വർഷക്കാലമായി ചെക്ക് പോസ്റ്റ് അടഞ്ഞു കിടക്കുന്നത് പ്രദേശവാസികളെ മാത്രമല്ല അന്തർസംസ്ഥാന യാത്രികരേയും ബുദ്ധിമുട്ടിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here