സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിലൂടെ പറഞ്ഞു. സിപിഐഎം വരവ്‌ – ചെലവ്‌ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ്‌ കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ട്‌. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ്‌. തൃശ്ശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തെറ്റുകള്‍ക്കെതിരെ ഉറച്ച്‌ നിലപാട്‌ പാര്‍ടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Also Read: സിഎഎയും അഗ്നിപഥും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും: സിപിഐ പ്രകടന പത്രിക പുറത്തിറക്കി

തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയ പക തീര്‍ക്കുകയെന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ അക്കൗണ്ട്‌ മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്‌. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റിന്‌ മുന്നില്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസ്‌ ഹാജരായത്‌. ആ ഘട്ടത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരും അവിടെ എത്തിച്ചേരുകയാണുണ്ടായത്‌. മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയും, വിശദീകരണം ആവശ്യപ്പെടാതെയും ഇന്‍കം ടാക്‌സ്‌ അധികൃതര്‍ അക്കൗണ്ട്‌ മരവിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

Also Read: അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിൻ്റെ ഭാഗം; ഇതിനെ നിയമപരമായി നേരിടും: സീതാറാം യെച്ചൂരി

അങ്ങേയറ്റം തെറ്റായ നടപടിയാണ്‌ ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ്‌ സ്വീകരിച്ചിട്ടുള്ളത്‌. പ്രതിപക്ഷ പാര്‍ടികളേയും, അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളേയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ്‌ ഇതുണ്ടായിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം പാര്‍ടി രേഖപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിക്കൊണ്ട്‌ ഇത്തരം നയങ്ങള്‍ തിരുത്താനുള്ള പോരാട്ടത്തില്‍ അണിചേരണമെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News