‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ്‌ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. സംസ്ഥാനത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനം തന്നെയാണിത്‌. ബജറ്റിന്റെ ലക്ഷ്യങ്ങള്‍ എന്ന്‌ പറഞ്ഞ്‌ വിശദമാക്കിയിട്ടുള്ള കാര്യങ്ങളിലടക്കം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വന്നിട്ടുപോലുമില്ല. അതേസമയം സ്വന്തം കസേര ഉറപ്പിച്ചു നിര്‍ത്താനായി ചില സംസ്ഥാനങ്ങള്‍ക്ക്‌ വാരിക്കോരി നല്‍കിയിട്ടുമുണ്ട്‌. മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്ക്‌ പണം അനുവദിക്കുന്നതിനോട്‌ എതിര്‍പ്പില്ല. പക്ഷെ, കേരളത്തോട്‌ തുടര്‍ച്ചയായി കാണിക്കുന്ന രണ്ടാനമ്മ നയം ഇവിടുത്തെ ജനജീവിതം ദുസഹമാക്കുമെന്ന കാര്യം ഏവരും ഓര്‍ക്കേണ്ടതുണ്ട്‌. ഒറ്റക്കെട്ടായി തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകണം.

ALSO READ: ‘കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രം’: മന്ത്രി വി ശിവൻകുട്ടി

മൂന്നാം പാതയും, ശബരിയും അടക്കമുള്ള റെയില്‍ പദ്ധതികള്‍, എത്രയോ കാലമായി ആവശ്യപ്പെടുന്ന എയിംസ്‌, വായ്‌പാപരിധി വെട്ടിക്കുറച്ച്‌ സാമ്പത്തികമായി ഞെരുക്കുന്ന സമീപനം, പ്രത്യേക സാമ്പത്തിക പാക്കേജ്‌, വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള വികസനത്തിന്‌ പണം തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ട ഒരു കാര്യവും പരിഗണിച്ചില്ല. പ്രകൃതി ദുരന്ത സഹായം വിനോദ സഞ്ചാര മേഖലയ്‌ക്കുള്ള വകയിരുത്തല്‍ മേഖലകളിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സമീപനങ്ങള്‍ മൂന്നര കോടി ജനങ്ങളെ രാജ്യത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നതിനുള്ള തെളിവാണ്‌. സംസ്ഥാനങ്ങള്‍ക്ക്‌ വിഹിതം നല്‍കേണ്ടതില്ലാത്ത സെസ്‌ ഒരു ഭാഗത്ത്‌ വര്‍ദ്ധിപ്പിക്കുമ്പോള്‍ മറുഭാഗത്ത്‌ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങളില്‍ കൈകടത്തുകയാണ്‌.

ALSO READ: ഷിരൂരിൽ സോണാർ പരിശോധനയിൽ പുതിയ സിഗ്നൽ കണ്ടെത്തി

കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്നയോജന, പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ തുടങ്ങിയവയ്‌ക്കുള്ള വിഹിതം വെട്ടിക്കുറച്ചത്‌ ഏറ്റവും സാധാരണക്കാരുടെ ജീവിതത്തെയാണ്‌ ദോഷകരമായി ബാധിക്കുക. കേരളത്തില്‍ നിന്ന്‌ ബി.ജെ.പിക്ക്‌ ലോക്‌സഭാംഗത്തെ ലഭിച്ചതോടെ എല്ലാകാര്യങ്ങളും ഇപ്പോള്‍ ശരിയാക്കുമെന്ന്‌ പറഞ്ഞ്‌ വാഗ്‌ദാനങ്ങള്‍ ചൊരിഞ്ഞവരുടെ പൊള്ളത്തരവും ബജറ്റിലൂടെ പുറത്തായി. കേരളത്തെ ഒരു കാര്യത്തിലും പരിഗണിക്കില്ലയെന്ന പരമ്പരാഗത നിലപാട്‌ തന്നെയാണ്‌ കേന്ദ്രം തുടരുന്നത്‌.

ALSO READ: ബിജെപി ഇതരമായി ചിന്തിക്കുന്നവരെ അവഗണിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

സ്ഥലം ഏറ്റെടുത്ത്‌ നല്‍കാന്‍ തയ്യാറായിട്ടുപോലും എയിംസ്‌ പരിഗണിച്ചില്ല. ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കം കേരളം ഇക്കാര്യത്തില്‍ ഉന്നയിച്ചിട്ടില്ല. എയിംസ്‌ ആവശ്യമാണെന്ന്‌ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന സ്ഥിതിയാണ്‌ കേരളത്തില്‍. എന്നിട്ടും കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ അത്‌ തള്ളിക്കളഞ്ഞു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും പകുതി പണം ചെലവഴിക്കാമെന്ന്‌ അറിയിച്ചിട്ടും ശബരിപാതയോട്‌ നിഷേധാത്മക സമീപനമാണ്‌. ബജറ്റിലെ അവഗണന അതീവ ഗൗരവത്തോടെ കാണണമെന്നും ഒറ്റക്കെട്ടായി ചെറുക്കാന്‍ തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ബജറ്റിലെ കേരളത്തോടുള്ള അവഗണന അതീവ ഗൗരവത്തോടെ കണ്ട്‌ ജൂലൈ 24, 25 തീയ്യിതികളിലായി ലോക്കല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News