പെരിയ വധക്കേസിലും റിജിത്ത് കേസിലും മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പ്, പാർട്ടി വിരുദ്ധത മാത്രം അവതരിപ്പിച്ച് അവർ പരിഹാസ്യരാകുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

പെരിയ വധക്കേസിലും റിജിത്ത് വധക്കേസിലും മാധ്യമങ്ങൾ സ്വീകരിച്ചത് ഇരട്ടാപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ആദ്യം മുതലേ ഈ കേസിൽ ശരിയായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടിക്ക് ബന്ധമില്ല എന്നു തന്നെയാണ് പാർട്ടി പറഞ്ഞിട്ടുള്ളത്. വലിയ ഗൂഢാലോചന നടന്നു എന്ന് ഒരിടത്തും തെളിയിക്കാനായില്ല.

പക്ഷേ ഇക്കാര്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ സിപിഐഎം നേരിടുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിപിഐഎം പ്രവർത്തകൻ റിജിത്ത് കൊല്ലപ്പെട്ട കേസിലെ വിധി വലിയ വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് മനസ്സില്ല. കാരണം മരിച്ചത് സിപിഐഎമ്മുകാരനാണെന്നും അതാണ് ഇരട്ടത്താപ്പെന്ന് സൂചിപ്പിച്ചതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ, പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് വ്യക്തം- ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം പ്രവർത്തകരെ ശിക്ഷിച്ചപ്പോൾ വലിയ കോലാഹലമാണ് മാധ്യമങ്ങളിൽ നടന്നത്. പാർട്ടി വിരുദ്ധ കാര്യങ്ങൾ മാത്രം ശക്തിയായി അവതരിപ്പിച്ച് മാധ്യമങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ സ്വയം പരിഹാസ്യരാകുയാണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ അന്ധത ബാധിച്ച മാധ്യമങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും മാധ്യമങ്ങൾ വലിയ വാർത്ത ചമച്ചുണ്ടാക്കിയിരുന്നു. അതിൽ മാതൃകാപരമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്.

ആരോപണ വിധേയയെ 24 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും പാർട്ടി മാറ്റി. മാതൃകാപരമായ ഒരു സമീപനമായിരുന്നു ഇത്. പക്ഷേ, കോൺഗ്രസുകാർ കുറ്റക്കാരെ സംരക്ഷിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന നിയമവുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭത്തിൻ്റെ കേളികൊട്ടാണ് കാണുന്നതെന്നും ജനങ്ങൾക്ക് വിരുദ്ധമാകുന്ന അമിതാധികാരം ഉള്ള എന്തെങ്കിലും നിയമത്തിലുണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും മാറ്റങ്ങൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

അമിതാധികാരമുണ്ടെങ്കിൽ ചർച്ച ചെയ്ത് മാറ്റം വരുത്തും. പക്ഷേ ഉത്കണ്ഠ ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ സർക്കാർ തീരുമാനമെടുക്കൂ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration