ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ് ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വം. സാമൂഹ്യവും – സാമ്പത്തികവുമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുകയെന്നതും ഏറ്റവും പ്രധാനമാണ്. സമത്വമെന്ന ആശയമാവണം ഏത് ഭരണാധികാരിയേയും നയിക്കേണ്ടത്. അതില്‍ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഗോവിന്ദൻമാസ്റ്റർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങള്‍ രാജ്യത്ത് വന്‍തോതിലുള്ള അസമത്വമാണ് സൃഷ്ടിക്കുന്നത്. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന് കണക്കുകള്‍ പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം നയങ്ങള്‍ക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയാണ്. ഈ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രാജ്യവ്യാപകമായി സൃഷ്ടിക്കുന്നത്.
രാജ്യത്തിന്റെ വികസനമെന്നത് കോര്‍പ്പറേറ്റ് വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here