കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ചൂരൽമലയിൽ ഉണ്ടായതെന്നും രാജ്യത്തു പോലും ഇത്തരമൊരു ദുരന്തം അപൂർവമായിട്ടേ ഉണ്ടായിട്ടുള്ളൂവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിട്ട് 4 മാസം പിന്നിട്ടു. എന്നിട്ടും കേന്ദ്രം കേരളത്തിൻ്റെ ആവശ്യം പരിഗണിക്കുന്നതായി കാണുന്നില്ല. ഞങ്ങൾ ഓശാരമായോ ഔദാര്യമായോ അല്ല സഹായം ചോദിക്കുന്നതെന്നും കേരളത്തിന് അർഹതപ്പെട്ട സഹായമാണ് ചോദിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിൻ്റെ മരണം കൊലപാതകം, മന്ത്രവാദിനിയായ യുവതിയുൾപ്പടെ 4 പേർ അറസ്റ്റിൽ
കേരളത്തിന് മാത്രമാണ് കേന്ദ്രം പണം തരാത്തതെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിൻ്റെ പുതിയ നിലപാടിനെ തങ്ങൾ സ്വാഗതം ചെയ്യുന്നെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്നലെ നൽകിയ നിവേദനത്തിൽ 3 പേർ മാത്രമാണ് ഒപ്പിടാത്തതെന്നും പ്രിയങ്കാഗാന്ധി വരെ കേന്ദ്രസഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും എന്നാൽ, കേരളത്തിൻ്റെ ആവശ്യം പരിഗണിക്കില്ല എന്ന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് കേന്ദ്രമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: വയനാട് ദുരന്തം; കേന്ദ്ര അവഗണനക്ക് കാരണം രാഷ്ട്രിയ കാരണങ്ങൾ മാത്രം: എളമരം കരീം
കേരളം ഇന്ത്യ യൂണിയൻ്റെ ഭാഗമാണ്. ഫെഡറൽ സംവിധാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാൻ കേന്ദ്രം നിർബന്ധിതരാകും എന്നതിനാലുമാണ് കേന്ദ്രം അത്തരത്തിൽ പ്രഖ്യാപിക്കാത്തതെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
2-3 വാർഡിലെ മാത്രം പ്രശ്നമാണ് ഇത് എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം എംപിമാർ ഒപ്പിട്ട് നൽകിയ നിവേദനത്തിൽ പറയുന്ന തുക മുഴുവനായി കേന്ദ്രം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here