എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തത്, അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ കഥാപാത്രം സൃഷ്ടിക്കാൻ ഇനി മറ്റൊരാളില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ കഥാപാത്രം സൃഷ്ടിക്കാൻ എംടിയ്ക്ക് പകരം ഇനി മറ്റൊരാളില്ലെന്നും എല്ലാവരിൽ നിന്നും വേറിട്ട് എനിക്ക് ഒരു വഴിയുണ്ടെന്ന് കാട്ടിക്കൊടുത്ത ആളാണ് അദ്ദേഹമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കഥയേയും സാഹിത്യത്തേയും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എം.ടി. വാസുദേവൻ നായരെന്നും അദ്ദേഹത്തിൻ്റെ നിർമാല്യം എന്ന സിനിമ മാത്രം മതി അദ്ദേഹത്തെ എക്കാലവും ഓർമിക്കാനെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും എടുത്ത ആളാണ് എംടിയെന്നും സിപിഐഎം ഇല്ലെങ്കിൽ കേരളമില്ലെന്ന് പറഞ്ഞയാളാണ് അദ്ദേഹമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: അനേകം മാനങ്ങളുള്ള ഒരാളും കാലത്തിനൊപ്പം നടന്ന കഥാകാരനും ആയിരുന്നു എം.ടി. വാസുദേവൻ നായർ; കവി കെ സച്ചിദാനന്ദൻ

സാമൂഹ്യ ജീവിതത്തിൻ്റെ ഭാഗമായി വന്ന മൂല്യ ശോഷണങ്ങൾക്കെതിരെ എംടിയെപ്പോലെ പ്രതികരിച്ച മറ്റൊരാളില്ലെന്നും മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മറ്റൊരു മരണം താരതമ്യം ചെയ്യാൻ പോലും വേറെയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വെല്ലുവിളി നേരിടുമ്പോൾ എംടി എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ടെന്നും സഹായിക്കാൻ മടി കാണിച്ചിട്ടില്ലെന്നും രണ്ടാമൂഴം പോലെ അത്യപൂർവമായൊരു കൃതി എഴുതിയ എംടിയുടെ ഒരു യുഗം സാമൂഹ്യ സാഹിത്യ സാംസ്കാരിക മേഖലയിൽ ഇന്ന് അവസാനിക്കയാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here