വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റേയും മകന്‍റേയും ആത്മഹത്യയിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം. ബത്തേരി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ മരണത്തിന് പിന്നിലുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്. ആത്മഹത്യക്കുറിപ്പ് കോൺഗ്രസ് നേതാക്കൾ നശിപ്പിച്ചതായും വിവരമുണ്ട്. സംഭവത്തിൽ ദുരൂഹതയുയർന്ന പശ്ചാത്തലത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐഎം ബത്തേരി ഏരിയാക്കമ്മിറ്റി ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി നിയമനങ്ങൾ നടത്താൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇത്തരത്തിൽ നിയമനം നൽകാമെന്ന് വാഗ്‌ദാനം നൽകി നിരവധി പേരിൽ നിന്ന് കോടികൾ കൈപ്പറ്റുകയും, സഹകരണ വകുപ്പിൻറെ കർശന ഇടപെടലിനെ തുടർന്ന നിയമനം നടത്താൻ സാധിക്കാതെ വരുകയും ചെയ്തതായും പണം നൽകിയവർ ജോലി ലഭിക്കാത്തതിനാൽ തിരികെ ആവശ്യപ്പെടുന്നതായും നിരവധി പരാതികൾ ഉണ്ട്.
ALSO READ; വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; പിന്നിൽ നേതാക്കളുടെ സാമ്പത്തിക തിരിമറിയെന്ന് സൂചന
കോഴ നിയമനങ്ങൾ നടത്തി കോടികൾ തട്ടിയെടുത്തവർ എൻഎം വിജയനെ ബലിയാടാക്കിയതായി കോൺഗ്രസിലെ പല നേതാക്കളും രഹസ്യമായി പറയുന്നുണ്ട്. എൻഎം വിജയൻ ആത്മഹത്യ ചെയ്‌തതിന് ഈ സംഭവവും കാരണമാണെന്ന് പൊതു സമൂഹം സംശയിക്കുന്നുണ്ട്. ഈ കാര്യങ്ങൾ ആത്മഹത്യ കുറിപ്പിൽ എൻ.എം വിജയൻ പറയാൻ സാധ്യതയുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പിൽ ഇതുവരെ ലഭിച്ചിട്ടില്ല. ആത്മത്യാ ശ്രമം നടത്തിയ വിവരം അറിഞ്ഞ് ആദ്യമായി വീട്ടിലെത്തിയ രണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ഇത് എടുത്ത് മാറ്റിയതായും സംശയമുണ്ട്.
സാഹചര്യത്തിൽ എൻഎം വിജയൻറെയും മകൻ ജിജേഷിൻറെയും ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം ബത്തേരി ഏരിയ കമ്മിറ്റി ആവശ്യപ്പെടുന്നു. ഏരിയ കമ്മിറ്റി യോഗത്തിൽ പികെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പിആർ ജയപ്രകാശ്, സുരേഷ് താളൂർ, കെവൈ നിധിൻ, കെസി യോഹന്നാൻ എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here