ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തിനുത്തരവാദിയായി പ്രതിചേര്‍ക്കപ്പെട്ട ഐ സി ബാലകൃഷ്ണന് MLA സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും രാജി വെക്കണമെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. ഒപ്പം പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയനും മകന്റേയും മരണത്തില്‍ ആത്മഹത്യ പ്രേരണാ കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനുമുള്‍പ്പെടെ നാല് പ്രതികള്‍. കെ കെ ഗോപിനാഥന്‍ മൂന്നാം പ്രതിയാണ്. അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്.
ALSO READ: ‘കഴിഞ്ഞ 10 വർഷമായി മോദിയും,അമിത് ഷായും ദില്ലിയിലെ ജനങ്ങളെ വഞ്ചിച്ചു’: അരവിന്ദ് കെജ്‌രിവാൾ
മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇവരെയെല്ലാം പ്രതി ചേര്‍ത്ത് പൊലീസ് ബത്തേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ കെ കെ ഗോപിനാഥന്‍ പി വി ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
അസ്വഭാവിക മരണത്തിന് നേരത്തേയെടുത്ത കേസില്‍ കഴിഞ്ഞദിവസം ആത്മഹത്യാ പ്രേരണാ കുറ്റം പോലീസ് ചേര്‍ത്തിരുന്നു. മാനന്തവാടി സബ് ജുഡീഷ്യല്‍ കോടതിയിലെ അസ്വഭാവിക മരണത്തിനുള്ള കേസ് കേസ് ഇനി ബത്തേരി കോടതിയിലായിരിക്കും തുടരുക. കത്തിന്റെ വിശദ പരിശോധനകള്‍ പൊലീസ് നടത്തുന്നുണ്ട്. വൈകാതെ കൂടുതല്‍ നടപടികളിലേക്ക് കടക്കും.
ALSO READ: തിരുപ്പതിയിലെ തിക്കുംതിരക്കും; അപകടത്തിന് കാരണം ഇത്!
ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. കോഴ ഇടപാടില്‍ ബത്തേരി പൊലീസ് രണ്ട് കേസുകള്‍ കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലിക്കായി പണം നല്‍കി വഞ്ചിതരായവരുടെ പരാതികളില്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ മണ്ണില്‍ സക്കരിയ, മലവയല്‍ യു കെ പ്രേമന്‍, ചാലില്‍ തൊടുകയില്‍ സി ടി ചന്ദന്‍ എന്നിവര്‍ക്കും ജോര്‍ജ് കുര്യനും എതിരെയാണ് കേസ്.
പുല്‍പ്പള്ളി കളനാടിക്കൊല്ലി സ്വദേശി വി കെ സായൂജ്, താളൂര്‍ അപ്പോഴത്ത് പത്രോസ് എന്നിവരുടെ പരാതിയിലാണ് കേസ്. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കൂടിയായിരുന്ന മണ്ണില്‍ സക്കരിയ രണ്ട് കേസിലും പ്രതിയാണ്. കേസില്‍ നിര്‍ണ്ണായക നടപടികള്‍ വരും ദിവസങ്ങളിലുണ്ടാവും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്. കൂടുതല്‍ മൊഴികള്‍ വിജിലന്‍സ് അന്വേഷ്ണ സംഘം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here