ഓഹരി വിപണിയില്‍ തകര്‍ച്ച; മോദിയുടെ തുടര്‍ ഭരണസാധ്യത മങ്ങിയെന്ന് വിദഗ്ദ്ധര്‍

നരേന്ദ്ര മോദിയ്ക്ക് തുടര്‍ഭരണം ലഭിക്കാനുള്ള സാധ്യത മങ്ങിയത് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ് ഓഹരി വിപണി. നാലാം ഘട്ട പോളിംഗ് ദിനത്തില്‍ മാത്രം ബിഎസ്ഇ സെന്‍സെക്‌സ് 750 പോയിന്റും നിഫ്റ്റി 210 പോയിന്റും ഇടിഞ്ഞു. കോര്‍പ്പറേറ്റുകളുടെ സുവര്‍ണ്ണകാലം അവസാനിക്കുന്നുവെന്ന നിക്ഷേപകരുടെ വിലയിരുത്തലിന്റെ പ്രതിഫലനമാണിതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണകാലം കോര്‍പ്പറേറ്റുകള്‍ക്ക് സുവര്‍ണ്ണകാലമായിരുന്നുവെന്ന് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ സര്‍ക്കാര്‍ നടപടികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വന്‍ നികുതിയിളവും തൊഴില്‍ നിയമത്തില്‍ വെള്ളം ചേര്‍ത്തതും, മോദിയെ കോര്‍പ്പറേറ്റുകളുടെ ഇഷ്ടക്കാരനാക്കി. അതു കൊണ്ടു തന്നെ ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടത്തിന്റെ കാലമായിരുന്നു മോദി കാലം. ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 74,373 എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് ദിവസങ്ങളായി ഓഹരി വിപണി കിതക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Also Read: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഒരു പവന് 53,720

നാലാംഘട്ട പോളിംഗ് നടന്നുകൊണ്ടിരിക്കെ ബിഎസ്ഇ സെന്‍സെക്‌സ് 750 പോയിന്റ് ഇടിഞ്ഞ് 71,900ലെത്തി. നിഫ്റ്റിയാകട്ടെ 210 പോയിന്റ് താഴ്ന്ന് 21,850 ലെത്തി. തുടര്‍ ഭരണസാധ്യതക്ക് മങ്ങലേറ്റു എന്ന വിലയിരുത്തല്‍ പുറത്തു വന്നതാണ് ഓഹരി വിപണിയിലെ ഇടിവിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ജോര്‍ജ് ജോസഫ് വിലയിരുത്തുന്നു.

കോര്‍പ്പറേറ്റ് മേഖലയിലെ നിരാശയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വില്‍പനക്കാരായി മാറിയതുമാണ് ഓഹരി വിപണിയുടെ തകര്‍ച്ചക്ക് കാരണമായത്. ഈ മാസം ആദ്യ പത്തു ദിവസം 17000 കോടിയിലധികം രൂപ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചു. നാലാംഘട്ട ചോളിംഗിന്റെ തലേ ദിവസം മാത്രം 2118 കോടി രൂപയുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ വിറ്റൊഴിഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് വിദേശ കമ്പനികളുടെ വിലയിരുത്തല്‍. ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപി ക്കെതിരായ ട്രെന്റാണെന്നാണ് ഓഹരി നിക്ഷേപകരും മനസിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News