ചൂലു മാറ്റിവച്ച് ബാറ്റേന്തിയ ക്രിക്കറ്റർ, സ്വപ്നത്തെ ചേർത്തു പിടിച്ച റിങ്കു സിംഗ്

ഇന്നലെ ഒറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ചു റിങ്കു സിംഗ് എന്ന ഉത്തര്‍പ്രദേശുകാരന്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ റിങ്കു സിംഗ് തുടരെ അടിച്ച അഞ്ചു സിക്‌സറുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാവി തീരുമാനിച്ചത്. അവസാന നിമിഷം വരെ ഏറെക്കുറേ പരാജയം ഉറപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കുവിന്റെ ഉജ്ജ്വല പ്രകടനത്തില്‍ വിജയക്കൊടി പാറിക്കുകയായിരുന്നു. ഇരുപത്തിയൊന്ന് പന്തുകളില്‍ നിന്ന് 48 റണ്‍സാണ് റിങ്കു അടിച്ചു കൂട്ടിയത്.

ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി മാറിയ റിങ്കു സിംഗിന് പക്ഷേ അതിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കൊടിയ ദാരിദ്ര്യത്തേയും പട്ടിണിയേയും അതിജീവിച്ചാണ് ‘ക്രിക്കറ്റര്‍’ എന്ന തന്റെ സ്വപ്‌നത്തിലേക്ക് റിങ്കു സിംഗ് നടന്നടുത്തത്. അതില്‍ കണ്ണീരിന്റെ കയ്പുനീരുണ്ട്, അശ്രാന്തമായ പരിശ്രമമുണ്ട്.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയാണ് റിങ്കു സിംഗ്. എല്‍പിജി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായ ഖാന്‍ചന്ദ്ര സിഗിന്റെ അഞ്ച് മക്കളില്‍ മൂന്നാമന്‍. അലിഗഡ് സ്റ്റേഡിയത്തിന് സമീപമുള്ള രണ്ട് മുറി ക്വാര്‍ട്ടേഴ്‌സിലാണ് റിങ്കു തന്റെ ചെറുപ്പകാലം ചെലവഴിച്ചത്. ചെറിയ പ്രായം മുതല്‍ റിങ്കുവിന്റെ സ്വപ്‌നം ക്രിക്കറ്റ് മാത്രമായിരുന്നു. പഠനത്തില്‍ മികവു പുലര്‍ത്താതിരുന്ന റിങ്കു, ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. അച്ഛന് പുറമേ ഓട്ടോറിക്ഷ ഓടിച്ചിരുന്ന മൂത്ത സഹോദരനും കോച്ചിംഗ് സെന്ററില്‍ തൂപ്പ് ജോലി നോക്കുന്ന രണ്ടാമത്തെ സഹോദരനുമായിരുന്നു കുടുംബത്തിന്റെ വരുമാന മാര്‍ഗങ്ങള്‍. കുട്ടി റിങ്കുവിന്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത താത്പര്യം മനസിലാക്കിയ മൂത്ത സഹോദരന്‍ സമ്പാദ്യത്തില്‍ നിന്ന് മിച്ചം പിടിച്ച് അവനെ ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പഠിക്കുന്നതിന് ചേര്‍ത്തു. രണ്ടാമത്തെ ചേട്ടനും റിങ്കുവിനെ സാമ്പത്തികമായി സഹായിച്ചു.

എന്നാല്‍ ദാരിദ്ര്യത്താല്‍ ബുദ്ധിമുട്ടുന്ന കുടുംബം പുലര്‍ത്താന്‍ റിങ്കു ജോലിക്ക് പോകണമെന്നായിരുന്നു അച്ഛന്റെ നിലപാട്. അച്ഛന്റെ നിരന്തരമുള്ള നിര്‍ബന്ധത്തിന് വഴങ്ങി റിങ്കു ജോലിക്ക് ചേര്‍ന്നു. സഹോദരന്റെ പരിചയത്തില്‍ സമീപത്തുള്ള ഒരു സമ്പന്നന്റെ വീട്ടിലാണ് റിങ്കു ജോലിക്ക് കയറിയത്. ബാറ്റേന്തേണ്ട കൈയില്‍ ചൂലു പിടിക്കേണ്ടിവന്ന അവസ്ഥയെ ഓര്‍ത്ത് അവന്റെ ഹൃദയം പിടഞ്ഞിട്ടുണ്ടാകും. അവിടെ അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ റിങ്കുവിനായില്ല. അവിടത്തെ ശകാരങ്ങളും കുത്തുവാക്കുകളും സഹിക്കെവയ്യാതെ റിങ്കു വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഒരു കാര്യം അവന്‍ മനസില്‍ കുറിച്ചിട്ടിരുന്നു. ക്രിക്കറ്റിനെ ചേര്‍ത്തുപിടിക്കുക, ഒരു നാള്‍ ക്രിക്കറ്റുകളിക്കാരനാകുക.

അലിഗഡില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി സീരീസ് ആയി ഒരു മോട്ടോര്‍ സൈക്കിള്‍ നേടിയതോടെ റിങ്കുവിലെ ക്രിക്കറ്ററെ കുടുംബം അംഗീകരിച്ചു തുടങ്ങി. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ റിങ്കു വൈകാതെ സീനിയര്‍ ടീമിലെത്തി. 2017 ല്‍ നടന്ന ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു റിങ്കു സിംഗ്. 2021 ല്‍ നടന്ന പ്രിമീയര്‍ ലീഗില്‍ മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് റിങ്കുവിന് പുറത്തിരിക്കേണ്ടിവന്നു. 2022ലാണ് റിങ്കുവിന്റെ തലവരമാറ്റിയ താരലേലം നടന്നത്. കൊല്‍ക്കത്തയ്ക്ക് പുറമേ മുംബൈയും റിങ്കുവിനായി കളത്തിലുണ്ടായിരുന്നു. എന്നാല്‍ റിങ്കുവിനായി കൊല്‍ക്കത്ത കൃത്യമായി കരുക്കള്‍ നീക്കിയതോടെ മുംബൈയുടെ തന്ത്രങ്ങള്‍ ഫലിക്കാതെ വന്നു. എണ്‍പത് ലക്ഷത്തിനാണ് കൊല്‍ക്കത്ത റിങ്കുവിനെ സ്വന്തമാക്കിയത്. ആ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ 23 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടി റിങ്കു മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി. അതിന് ശേഷമൊരു അവിസ്മരണീയ പ്രകടനമാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ റിങ്കു കാഴ്ചവച്ചത്.

കൊല്‍ക്കത്തയുടെ വിജയത്തിനൊപ്പം കരിയര്‍ ബെസ്റ്റ് പ്രകടനം റിങ്കു കാഴ്ചവച്ചപ്പോള്‍ അത് ഐപിഎല്ലില്‍ പുതിയൊരു ചരിത്രമായി. വീട്ടുജോലിക്കാരന്റെ കുപ്പായം അഴിച്ചുവച്ച് ബാറ്റേന്തിയ നിമിഷത്തെയോര്‍ത്ത് ആ ചെറുപ്പക്കാരന്‍ എത്രമാത്രം അഭിമാനിച്ചിട്ടുണ്ടാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News