പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേഷൻസ് ലീഗ് സ്‌ക്വാഡിൽ സ്ഥാനം നൽകി പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇക്കഴിഞ്ഞ യൂറോകപ്പിൽ നിരാശാജനകമായ പ്രകടനം ആയിരുന്നു റൊണാൾഡോ, പോർച്ചുഗലിന് വേണ്ടി കാഴ്ച വെച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന യുവേഫ നേഷൻസ് ലീഗ് സ്‌ക്വാഡിലേക്ക് റൊണാൾഡോയ്ക്ക് സ്ഥാനം ലഭിക്കുമോ എന്നത് സംശയമായിരുന്നു. എന്നാൽ കോച്ച് റോബർട്ടോ മാർട്ടിനെസ് പോർച്ചുഗലിന്റെ ഇതിഹാസ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ തയ്യാറായി. നേഷൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ആണ് റൊണാൾഡോയെ ഉൾപ്പെടുത്തിയത്. സെപ്തംബർ 6 ന് ക്രൊയേഷ്യക്കെതിരെയും, സെപ്റ്റംബർ 9 ന് സ്കോട്ട്ലൻഡിനെതിരെയും നടക്കുന്ന ഹോം മത്സരങ്ങൾക്കുള്ള ടീമിനെ ആണ് കോച്ച് മാർട്ടിനെസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത് .
അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 130 ഗോളുകൾ എന്ന റെക്കോർഡ്
ആണ് 39 കാരനായ റൊണാൾഡോയുടെ പേരിലുള്ളത്. എന്നാൽ ഇക്കഴിഞ്ഞ യൂറോകപ്പിലെ മോശം പ്രകടനം കാരണം റൊണാൾഡോയുടെ രാജ്യാന്തര കരിയർ അവസാനിക്കുമെന്ന് എല്ലാവരും കരുതി. യൂറോകപ്പിൽ പോർച്ചുഗലിനായി കളിച്ച അഞ്ച് കളികളിൽ ഒന്നിൽ പോലും റൊണാൾഡോയ്ക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒപ്പം ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകുകയും ചെയ്തിരുന്നു പോർച്ചുഗൽ.
ALSO READ : മെസ്സിയെയും, ഇസ്രയേലിനെയും, ടോട്ടനമിനെയും കളിയാക്കി എംബപ്പേ ; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടി ഫുട്ബോൾ ലോകം
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിനായി തൻ്റെ ടീം “ഒരു പുതിയ സൈക്കിൾ” ആരംഭിക്കുകയാണെന്ന് ആയിരുന്നു 2024 യൂറോയ്ക്ക് ശേഷം പരിശീലകൻ മാർട്ടിനെസ് പറഞ്ഞത്. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വെറ്ററൻ താരങ്ങൾക്ക് ഇനി ടീമിൽ സ്ഥാനം ലഭിക്കുമോ എന്ന കാര്യം സംശയത്തിലായിരിന്നു.
വടക്കേ അമേരിക്കയിലെ ടൂർണമെൻ്റ് ആരംഭിക്കുമ്പോൾ റൊണാൾഡോയ്ക്ക് 41 വയസ്സ് തികയും. 2024 യൂറോയിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് ശേഷം മാർട്ടിനെസ് പറഞ്ഞിരുന്നത് ഉടൻ തന്നെ റൊണാൾഡോ, തൻ്റെ രാജ്യത്തിനായി അവസാന മത്സരം കളിക്കുമെന്നായിരുന്നു. അതിനോടൊപ്പം തന്നെ പോർച്ചുഗൽ ടീമിനുള്ളിലെ പടലപ്പിണക്കങ്ങളും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുള്ള സംഭവമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും റൊണാൾഡോയിൽ പരിശീലകൻ വീണ്ടും വിശ്വാസം അർപ്പിച്ചിരിക്കുന്നത് .
അതേസമയം, നേഷൻസ് ലീഗിലെ മത്സരം, രാജ്യാന്തര തലത്തിൽ റൊണാൾഡോയുടെ അവസാന മത്സരം ആണെന്നും പറയപ്പെടുന്നുണ്ട് . എന്തായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ സംബന്ധിച്ച് ഇതിഹാസ താരത്തെ വീണ്ടും പോർച്ചുഗൽ ജേഴ്സിയിൽ കാണാൻ കഴിയും എന്ന സന്തോഷത്തിലാണ് അവർ. സെപ്റ്റംബർ 5 നാണ് യുവേഫ നേഷൻസ് ലീഗ് ആരംഭിക്കുന്നത്.അസർബൈജാനും, സ്വീഡനും തമ്മിലാണ് ആദ്യ മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here