അടിച്ചുകേറി ക്രിസ്റ്റ്യാനോ, പക്ഷേ ദൗർഭാഗ്യത്തിൽ തട്ടി വീണ് അൽ നസർ എഫ്സി- ദുസ്വപ്നമായി സൂപ്പർ താരത്തിൻ്റെ ആ സ്വപ്നവും

മൽസരം കൈയ്ക്കുള്ളിലായി എന്ന് തോന്നുമ്പോൾ ഒരു തിരിച്ചടി കിട്ടുക, അതുവരെയുള്ള സകല നേട്ടങ്ങളും തകർന്ന് തരിപ്പണമാവുക. എന്തൊരു ദൌർഭാഗ്യമാണത്. അത്തരത്തിൽ ഒരു ദുരനുഭവത്തിലൂടെയാണ് കഴിഞ്ഞ ദിവസം സൌദി ക്ലബായ അൽ നസർ എഫ്സിയും കടന്നുപോയിട്ടുള്ളത്.

സൌദി പ്രോ ലീഗിലെ സുപ്രധാന മൽസരത്തിൽ ക്രിസ്റ്റ്യാനോയുടെ വിലപ്പെട്ട ഒരു ഗോൾ നേട്ടത്തിലൂടെ കളി കൈയ്ക്കുള്ളിലായി എന്ന് ചിന്തിക്കുമ്പോഴാണ് കരുത്തരായ അൽ ഇത്തിഹാദ് കളിയിലെ താരങ്ങളായി മൽസരത്തിലേക്ക് ഇരച്ചുകയറി വിജയം പിടിച്ചുവാങ്ങിയത്. ഫുട്ബോളിലെ ഗോൾ മെഷീൻ ക്രിസ്റ്റ്യാനോയേയും സംഘത്തേയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ ഇത്തിഹാദ് മുട്ട് കുത്തിച്ചത്.

ALSO READ: ‘വിവാഹങ്ങളുടെ മാത്രമല്ല വിവാഹ വാർഷിക ആഘോഷങ്ങളുടെയും വേദി കൂടിയാണ് കേരളം’; അമല പോളിന് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അതും ഇൻജുറി ടൈമിലെ ആവേശപ്പോരാട്ടത്തിൽ. മൽസരത്തിൻ്റെ ചുരുക്കമിങ്ങനെ: കരുത്തരായ അൽ നസറും അൽ ഇത്തിഹാദും തമ്മിലുള്ള പോരാട്ടത്തിൻ്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിൽ അൽ ഇത്തിഹാദ് മത്സരത്തിൽ ലീഡെടുത്തു. സൂപ്പർ താരം കരിം ബെൻസേമയായിരുന്നു ഗോൾ സ്കോറർ.

എന്നാൽ, രണ്ട് മിനിറ്റുകൾക്കകം ഈ ലീഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ മറുപടി നൽകി അൽ നസർ തിരിച്ചടിച്ചു. ഇതോടെ കളി സമനിലയിൽ. നിശ്ചിത 90 മിനിറ്റുകൾ പൂർത്തിയാകുന്നതു വരെയും പിന്നീട് ഈ സമനില തുടർന്നു. എന്നാൽ ഇഞ്ചുറി സമയത്തിൻ്റെ ആദ്യ മിനിറ്റിൽ അൽ നസറിനെ അമ്പരപ്പിച്ച് അൽ ഇത്തിഹാദ് ലീഡെടുത്തു. ഡച്ച് താരം സ്റ്റീവൻ ബെർഗ്വിനായിരുന്നു ഗോൾ സ്കോറർ.

അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച അൽനസറിന് കളിയിലേക്ക് തിരിച്ചെത്താൻ പിന്നീട് സമയമുണ്ടായില്ല. ഒടുവിൽ അവർക്ക് പരാജയം രുചിക്കേണ്ടി വന്നു. സ്കോർ: 1-2. തോൽവിയോടെ ഇത്തവണത്തെ സൗദി പ്രോ ലീഗിലെ അൽ നസറിൻ്റെ കിരീട പ്രതീക്ഷകൾക്കും കനത്ത തിരിച്ചടിയായി ഈ തോൽവി‌. പരാജയത്തോടെ ലീഗ് ടേബിളിൽ അൽ നസർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതായത്, ടീമിൻ്റെ ലീഗ് കിരീട സ്വപ്നത്തിന് അവസാനമായെന്ന് ഏറെക്കുറെ വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News