ഉർവ്വശി ഇന്ത്യൻ ചലച്ചിത്രലോകത്തിലെ തന്നെ അപൂർവ്വതയാണ്: നിരൂപക ശാരദക്കുട്ടി

ചലച്ചിത്രനടി ഉർവശി ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ അപൂർവതയാണെന്ന് നിരൂപകയും പരിഭാഷകയുമായ ശാരദക്കുട്ടി. അടുത്തിടെ പുറത്തിറങ്ങിയ ജെ ബേബി എന്ന തമിഴ് ചിത്രം കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു ശാരദക്കുട്ടി. മലയത്തിൽ ഉർവശി അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി സ്ത്രീകളുടെ തുറന്ന ആവിഷ്കാരമാണെന്നും ശാരദക്കുട്ടി തണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Also Read: ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’: അമ്പാൻ സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂൾ; ലൈസൻസ് റദ്ദാക്കി ആർടിഒ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെയാണ് എവർഗ്രീൻ ഉർവ്വശി മുഖ്യകഥാപാത്രമായി വരുന്ന J Baby എന്ന തമിഴ് സിനിമ പ്രൈം വീഡിയോയിൽ കണ്ടത്. കാണാത്തവർ കാണുക എന്നല്ലാതെ കൂടുതലായെന്തു പറയാൻ !!
ഉർവ്വശി പല കാലങ്ങളിലായി അഭിനയിച്ച കഥാപാത്രങ്ങളിലാകണം ഓരോ മലയാളി സ്ത്രീയും ഏറ്റവും കൂടുതലായി അവരവരെത്തന്നെ കണ്ടത്. തലയിണമന്ത്രത്തിലെ കാഞ്ചനയും, പൊൻമുട്ടയിടുന്ന താറാവിലെ സ്നേഹലതയും മഴവിൽക്കാവടിയിലെ ആനന്ദവല്ലിയും മിഥുനത്തിലെ സുലോചനയും പലപ്പോഴായി എൻ്റെ ആന്തരികരഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് കണ്ട് ഞാൻ ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. തീയേറ്ററിലെ കൂട്ടച്ചിരികൾ എൻ്റെ കള്ളത്തരങ്ങൾ പിടിക്കപ്പെട്ടതിൻ്റെ പ്രതികരണങ്ങളായി തോന്നിയിട്ടുണ്ട്.

Also Read: ‘എല്ലാ കണ്ണും റഫയില്‍’; പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖര്‍- സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

വിശ്വാസങ്ങളെയും വിരുദ്ധതകളെയും നേരിടാൻ കരുത്തുള്ള എത്രയെത്ര കഥാപാത്രങ്ങളിലൂടെ മാറി മാറി സഞ്ചരിച്ച ഈ അഭിനേത്രി ഇൻഡ്യൻ സിനിമയിലെ മറ്റേത് അഭിനേതാവിനും മേലെയാണെന്ന് അവർക്കൊപ്പം അഭിനയിച്ച കമൽഹാസൻ ഉൾപ്പെടെയുള്ളവർ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ താൻ ഒരു പ്രത്യേക നായകൻ്റെയും നടിയല്ല എന്ന് തൻ്റേടത്തോടെ പറയാറുണ്ട് ഉർവ്വശി.
കുസൃതിയോടെയുള്ള ഒരു ചെറിയ തലയാട്ടലും കണ്ണിറുക്കലും പോലും അർഥഗംഭീരമാക്കിക്കളയും അവർ. ഭരതം, സ്ഫടികം തുടങ്ങിയ നായക കേന്ദ്രിത ചിത്രങ്ങളെ പോലും സൂക്ഷ്മമായ ഭാവവിന്യാസങ്ങളിലൂടെ അവർ തൻ്റേതാക്കി മാറ്റി. ശരാശരി ചിത്രങ്ങളെ പോലും ഉർവ്വശിയുടെ മികച്ച പ്രകടനം കമ്പോളത്തിൽ രക്ഷപ്പെടുത്തി. ഒപ്പം പറയാവുന്ന മറ്റൊരാളുണ്ടെങ്കിൽ അത് കെ.പി.എ.സി ലളിത മാത്രമായിരിക്കും.
കഴകത്തിലെയും നാരായത്തിലെയും വേഷങ്ങൾ എത്ര സൂക്ഷ്മഗൗരവത്തിലാണവർ കൈകാര്യം ചെയ്തത്!’
ഇവർ വെള്ളിത്തിരയിൽ വന്നപ്പോഴൊക്കെ മറ്റുള്ളവരേക്കാൾ കൂടുതൽ അടയാളപ്പെടുത്തി. ഇവരുടെ വർധിച്ച വോൾട്ടളവിൽ മറ്റു കഥാപാത്രങ്ങളെയോ സംവിധായകരെയോ പോലും ചിലപ്പോൾ നാം കാണാതെ പോയി. വെള്ളിത്തിരയിൽ അവർ ഒരു നിമിഷം പോലും വിരസത പകർന്നില്ല. മറ്റാര് ചുറ്റിനും നിന്നഭിനയിക്കുമ്പോഴും ഉർവ്വശി എന്തു ചെയ്യുന്നു എന്ന് ഞാൻ നോക്കിയിരിക്കും. അവരവിടെ തൻ്റെ നിൽപ് സാർഥകമാക്കുന്നുണ്ടാകും. അതിനൊരു ചന്തമുണ്ടാകും.
തനിക്കൊപ്പം തിളങ്ങി നിന്ന താരശരീരങ്ങളേക്കാൾ താരതമ്യേന ചെറുപ്പമായ 54-ാം വയസ്സിലാണ് അതേക്കാൾ വളരെ പ്രായമുള്ള J ബേബിയെ ഉർവ്വശി അവതരിപ്പിക്കുന്നത്. മുഖപേശികൾക്കോ ഉടലിലോ പ്ലാസ്റ്റിക് സർജറി ചെയ്യാത്തതിനാലാകും എന്തൊരു വഴക്കമാണ് ഭാവങ്ങൾക്കും ചലനങ്ങൾക്കും. അമിതമാകുന്നില്ല ഒരു ചലനവും. കൈവീശിയുള്ള ചടുലമായ നടപ്പിലും കണ്ണിലും മിന്നി മറിയുകയാണ് പഴയ കുസൃതി. ദൈന്യവും ക്രോധവും നിസ്സഹായതയും ഒരേ പോലെ Subtle ആയി അവർ അവതരിപ്പിക്കുന്നതു കണ്ടപ്പോൾ ഒരു പാടു സ്ത്രീകൾ ഒരുമിച്ച് പാർക്കുന്ന ഇതുപോലൊരു ശരീരം വേറെ ഉണ്ടോ എന്ന് ഞാനാലോചിച്ചു പോയി.
J ബേബി ഒരു യഥാർഥ കഥയുടെ ചലച്ചിത്രാവിഷ്കാരമാണ്. കണ്ണു നിറയുമ്പോൾ തന്നെ J ബേബി ചിരിപ്പിച്ചു. കാണാത്തവർ കാണുക. ഉർവ്വശി ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ദിവസത്തിനായി എത്ര നാൾ കാത്തിരിക്കേണ്ടി വരും? ഈയിടെ അപ്പാത്ത കണ്ടപ്പോഴും ഉർവ്വശിയുടെ ഭാവപ്പകർച്ചകൾ അത്ഭുതപ്പെടുത്തി. തീർച്ചയായും ഉർവ്വശി ഇൻഡ്യൻ ചലച്ചിത്രലോകത്തിലെ തന്നെ അപൂർവ്വതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News