സുബിന്‍ കൃഷ്‌ണശോഭ്
”ഞാന്‍ നിങ്ങളെ ഇന്ന് ശിക്ഷിക്കാന്‍ പോവുകയാണ്, വരൂ എന്‍റെ കൂടെ”. ഇങ്ങനെ പറഞ്ഞാണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എട്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉച്ചഭക്ഷണവിരുന്ന് നല്‍കിയത്. നമ്മുടെ പ്രധാനമന്ത്രി ദിനംപ്രതി നടത്തുന്ന രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരാണ് രാജ്യത്തെ ജനത, പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മലയാളിയായ ഒരു എംപി തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെയാണ് മോദിയുടെ വിരുന്ന് സ്വീകരിച്ച് ബിജെപിയുടെ ‘അടുപ്പക്കാരനെന്ന്’ തെളിയിച്ചത്, മലയാളികളെ വിഡ്ഢികളാക്കിയത്.
നിങ്ങളെ ശിക്ഷിക്കാന്‍ പോവുകയാണ് എന്നാണ് മോദി നര്‍മത്തോടെ എംപിമാരോട് സത്‌കാരത്തിന് മുന്‍പ് പറഞ്ഞതെങ്കിലും പരസ്‌പരം ‘രക്ഷിക്കാന്‍’ വേണ്ടിയുള്ളതാണ് ആ പ്രത്യേക സ്‌നേഹമെന്നത് പകല്‍പോലെ വ്യക്തം. നേരത്തേ പറഞ്ഞതുപോലെ നരേന്ദ്ര മോദിയുടെ ‘പൊളിറ്റിക്കല്‍ ഡ്രാമ’യെക്കുറിച്ച് എല്ലാ മലയാളികള്‍ക്കും എന്നതുപോലെ എന്‍കെ പ്രേമചന്ദ്രനും നല്ല ധാരണയുണ്ട്. അപ്പോള്‍ പിന്നെ എന്‍കെ പ്രേമചന്ദ്രന്‍ എന്തുകൊണ്ട് മോദിയുടെ സത്‌കാരം സ്വീകരിച്ചു. പാര്‍ലമെന്‍റില്‍ മികച്ച പ്രകടനം നടത്തിയതാണ് തന്നെ ക്ഷണിക്കാന്‍ കാരണമായതെന്നാണ് എംപിയുടെ വാദം. എന്നാല്‍, മികച്ച പാര്‍ലമെന്‍റേറിയന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള എംപിമാരെ ക്ഷണിക്കാതെ കേരളത്തില്‍ നിന്നുള്ള ഈ എംപിയെ മാത്രം എന്തുകൊണ്ട് പ്രധാനമന്ത്രി ഉച്ചഭക്ഷണം നല്‍കാന്‍ തെരഞ്ഞെടുത്തു. പ്രത്യേക സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ എന്തുകൊണ്ട് മോദി ഇപ്പോള്‍ ഒരു വിരുന്ന് സംഘടിപ്പിച്ചു. ഇതിനെല്ലാം ഉത്തരമുണ്ട്, അത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എന്നത് തന്നെയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പരസ്‌പര സഹായ കമ്മിറ്റിയായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയാണ് വിരുന്നിന് ക്ഷണിച്ചതിലൂടെ മോദി ഉദ്ദേശിച്ചതും ക്ഷണം സ്വീകരിച്ചതിലൂടെ കൊല്ലം എംപി മുന്നോട്ടുവെച്ച സന്ദേശമെന്നും മലയാളികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ക്ഷണം സ്വീകരിച്ചതിലൂടെ മോദിയുടെ അടുപ്പക്കാരനാണ് താനെന്ന് തെളിയിച്ച് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ സമാഹരിക്കുക. ഇതിലൂടെ കേരളത്തില്‍ നിന്നുള്ള ബിജെപി എംപിയാവുക എന്നതാണ് പ്രേമചന്ദ്രന്‍റെ ലക്ഷ്യമെന്നും വിമര്‍ശനം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മോദിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും അവരെക്കൊണ്ട് ആവുന്നവിധം പലവിധ ‘രാഷ്‌ട്രീയ നാടകങ്ങള്‍’ നടത്തുന്നുണ്ട്. വീണ്ടും ഭരണത്തിലെത്താനുള്ള അത്തരം തന്ത്രങ്ങളുടെ ലിസ്റ്റില്‍ ഉള്ളതാണ് ഈ വിരുന്നെന്നും വസ്‌തുതയാണ്.
മോദിയുടെ സത്‌കാരത്തില്‍ പങ്കെടുത്തത് തന്‍റെ രാഷ്‌ട്രീയ മാന്യതയാണ് എന്നാണ് കൊല്ലത്തെ എംപിയുടെ ന്യായീകരണം. എന്നാല്‍, രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുന്ന, പ്രതിപക്ഷ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പാര്‍ട്ടിയുടെ, ഭരണകൂടത്തിന്‍റെ തലപ്പത്തുള്ള മോദിയുടെ ക്ഷണം സ്വീകരിക്കാതിരിക്കുക എന്നതാണ് രാഷ്‌ട്രീയ മര്യാദ, പക്വമായ സമീപനം. ഇതാണ് കൊല്ലത്തെ എംപി മനസിലാക്കാതെ പോയ യാഥാര്‍ത്ഥ്യം. ഇത് സംബന്ധിച്ച് മാധ്യമങ്ങളോടും ഒരു ചാനലിലെ രാത്രിചര്‍ച്ചയിലും ഒരേ ന്യായീകരണമാണ് എംകെ പ്രേമചന്ദ്രന്‍റേത്.
ഇതിന് പുറമെ ബിജെപി സംഘപരിവാര്‍ സംഘടനയല്ലെന്നും എബിവിപിയും ആര്‍എസ്‌എസും ബജ്‌റംഗ് ദളും മാത്രമാണ് അതെന്നുമാണ് അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ വാദിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ബിജെപി അനുകൂല നിലപാടിലൂടെ പാര്‍ലമെന്‍റിലേക്ക് വിജയിപ്പിച്ചുവിട്ട കൊല്ലത്തെ വോട്ടര്‍മാരെക്കൂടിയാണ് എംപി വഞ്ചിച്ചതെന്ന വിമര്‍ശനം രൂക്ഷമായത്. മോദിയുടെ വിരുന്നില്‍ കൊല്ലം എംപി പങ്കെടുത്തതിനെ വിഡി സതീശനും കെ സുധാകരനും ന്യായീകരിക്കുകയാണുണ്ടായത്. ബിജെപിക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ നിലപാട് പുത്തരിയല്ല. പള്ളിപൊളിച്ചും വര്‍ഗീയ കലാപങ്ങള്‍ നടത്തിയും ന്യൂനപക്ഷ വേട്ട തുടരുന്ന ഭരണകൂടത്തിന്‍റെ, ബിജെപിയുടെ നേതാവിന്‍റെ വിരുന്നില്‍ തങ്ങളുടെ മുന്നണിയിലെ അംഗം പങ്കെടുത്തത് യുഡിഎഫിലെ പ്രബല പാര്‍ട്ടിയായ മുസ്‌ലിം ലീഗിന് സ്വീകാര്യമാണോ എന്നത് പ്രസക്തമായ ചോദ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here