‘ധർമ്മയുദ്ധ’മല്ല ഇന്ത്യ – പാക് മത്സരം; ഹിന്ദുത്വയുടെ കാലത്ത് വിദ്വേഷപ്രചാരണത്തിന് വഴിമാറുന്ന കളിക്കളങ്ങൾ

ഇന്ത്യക്കെതിരായ കളിക്കിടെ ഡഗൗട്ടിലേക്ക് കയറിപ്പോകുന്ന മുഹമ്മദ് റിസ്വാനെ നോക്കി ജയ് ശ്രീറാം വിളിക്കുന്ന കാണികൾ. അതല്ലാതെ കളിക്കിടെ കൂട്ടമായുണ്ടാകുന്ന ജയ് ശ്രീറാം വിളികൾ. ഇന്ത്യയുടെയൊപ്പം അല്ലെങ്കിൽകൂടിയും പാകിസ്ഥാന്റെ എല്ലാ കളികളിലും കയറിച്ചെന്ന് ഭാരത് മാതാ കീ ജയ് വിളിക്കുന്ന കാണികൾ. പാകിസ്ഥാൻ്റെ കളി കാണാൻ ടിക്കറ്റ് എടുത്തുവന്ന പാകിസ്ഥാനി ആരാധകനെ സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ പോലും വിടാത്ത ഇന്ത്യൻ പൊലീസുകാരൻ. ലോകകപ്പ് ക്രിക്കറ്റ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ നമ്മുടെ നാട്ടിലെ കാണികൾ തന്നെ ലോകത്തിന് മുൻപാകെ കാഴ്ചവെച്ച മാതൃകകളാണ് ഇവയെല്ലാം.

ഗ്രൗണ്ടിലെ വിദ്വേഷം; ഷമി, സിറാജ്, ഉമ്രാൻ മാലിക്ക്…

ക്രിക്കറ്റിനെ ജന്റിൽമെൻസ് ഗെയിമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ആ ജന്റിമെൻഷിപ്പിന്റെ സകല മാതൃകകളെയും തച്ചുടയ്ക്കുന്ന രീതിയിലാണ് ഇന്ത്യയിലെ വലതുപക്ഷ ആൾക്കൂട്ടം ലോകകപ്പിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും തെരുവുകളിലും ആ ആൾക്കൂട്ടം നിരന്തരം പ്രകടിപ്പിക്കുന്ന മതവിദ്വേഷവും വെറുപ്പും അതിന്റെ എല്ലാ സീമകളെയും ലംഘിച്ച് സ്പോർട്സിനെയും വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. അതും ലോകകപ്പ് പോലെ ഒരു മെഗാ ഇവന്റിൽ വെച്ച് !

സംഘപരിവാർ ഇന്ത്യയുടെ മനസ്സിലേക്ക് കുത്തിവെച്ച ഈ വെറുപ്പ് നമ്മുടെ കായികമേഖലയിലേക്ക് കടന്നുവന്നിട്ട് അധികകാലമായിട്ടൊന്നുമില്ല. ആ കാലഘട്ടത്തിന് 2014 തൊട്ട് ഇന്നുവരേയ്ക്കുമുള്ള പഴക്കമേയുള്ളൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളികൾ വരുമ്പോൾ വെറുപ്പ് മൂർച്ഛിക്കുന്നതും, ആൾക്കൂട്ടത്തിന്റെ വിദ്വേഷപ്രകടങ്ങളിലേക്ക് അവ വഴിമാറുന്നതും, ഭീകരമാകുന്നതും ഈ കാലഘട്ടത്തിലാണ്.

Mohammed Shami faces vicious online abuse after India's loss to Pakistan | Cricket News - Times of India

മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ഉമ്രാൻ മാലികിനും നേരെയുണ്ടായ രൂക്ഷമായ സൈബർ ആക്രമണം നമ്മുടെയെല്ലാം ഓർമയിലുണ്ടാകും. 2021ലെ ട്വൻ്റി ട്വൻ്റി ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റപ്പോൾ രൂക്ഷമായി ആക്രമിക്കപ്പെട്ടത് ടീമിലെ മുസ്ലിം നാമധാരിയായിരുന്ന ഷമി മാത്രമായിരുന്നു. വിവിധ സംഘപരിവാർ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ഷമിയെ പാകിസ്ഥാനിൽ പോകാൻ അജ്ഞാപിച്ചും രാജ്യദ്രോഹിയെന്ന് വിളിച്ചും ആക്രമിച്ചു.

ആ സമയത്ത് ഇർഫാൻ പത്താൻ്റെ ഒരു ട്വിറ്റ് വളരെ ശ്രദ്ധേയമായിരുന്നു. താനും പാകിസ്ഥാനൊപ്പം ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും അന്നൊക്കെ തോറ്റപ്പോൾ ആരും പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇർഫാൻ പത്താൻ്റെ ട്വീറ്റ്. അന്ന് പത്താൻ കൂടെ ഒരു വരി കൂടി കൂട്ടിച്ചേർത്തു, ‘ I Am Talking About India Of Few Years Back ‘ എന്ന്. ആ വരികളിൽനിന്ന് തന്നെ വ്യക്തമാണ് ഏത് കാലഘട്ടത്തിലാണ് വിദ്വേഷവും വെറുപ്പും അസഹിഷ്ണുതയും നമ്മുടെ കായികമേഖലയെയും പിടികൂടിയതെന്ന്.

Sehwag, Irfan & Yusuf Pathan Support Shami, Slam Haters Who Abused Him Over Failure In INDvsPAK - RVCJ Media

സേവാഗ് അടക്കമുള്ള മറ്റ് ക്രിക്കറ്റർമാരും അന്ന് ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ ഇതേ സേവാഗാണ് അട്ടപ്പാടിയിലെ മധു ആൾക്കൂട്ട കൊലപാതകക്കേസിൽ മുസ്ലിം നാമധാരികളായ പ്രതികളുടെ പേര് മാത്രം എടുത്തുപറഞ്ഞ് ട്വീറ്റ് ചെയ്ത് വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചത്. ഇതേ സേവാഗാണ് ഇപ്പോൾ ഭാരത് ഭാരത് എന്ന് അലറിവിളിച്ച് സംഘപരിവാർ രാഷ്ട്രീയത്തിന്റെ പതാകവാഹകനായി എക്സിൽ വിലസുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ മുഹമ്മദ് ഷമിക്ക് നേരെ മാത്രമുണ്ടായ ജയ് ശ്രീറാം വിളിയും നമ്മൾ മറക്കരുത്.

നെറ്റിയിൽ കുങ്കുമം തൊടാൻ വിസമ്മതിച്ചു എന്നതായിരുന്നു സിറാജിനും ഉമ്രാൻ മാലിക്കിനും നേരെ ഉണ്ടായ അധിക്ഷേപത്തിന്റെ കാരണം. സുദർശൻ ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന സുരേഷ് ചവൻകെ അന്ന് അവരെ രണ്ടുപേരെയും വിളിച്ചത് ആൻ്റി നാഷണൽസ് എന്നായിരുന്നു. ഇത്തരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെ മതം നോക്കി വെറുതെവിടാത്ത ചരിത്രമുണ്ട് സ്റ്റേഡിയങ്ങളിലെ സംഘപരിവാറിൻ്റെ ആൾക്കൂട്ടത്തിന്.

Will Prefer Mohammed Siraj Over Umran Malik In ODI World Cup 2023 Squad': Ex-India Pacer On Young Speed Sensation

‘ധർമ്മയുദ്ധ’മല്ല ഇന്ത്യ – പാക്ക് മത്സരം

ഹിന്ദുത്വ അതിൻ്റെ ‘വീണ്ടെടുപ്പ്’ കാലഘട്ടം എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്നെയാണ് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിയെപ്പോലും ഒരു ധർമ്മയുദ്ധമായി സംഘപരിവാർ മാറ്റിയെടുക്കുന്നത്. ലോകകപ്പിന്റെ ആദ്യ മത്സരങ്ങൾക്ക് മുൻപ് പോലും സംഘടിപ്പിക്കാത്ത ഉദ്ഘാടനചടങ്ങ് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് തൊട്ടുമുമ്പ് വെച്ചതും സംഘപരിവാറിൻ്റെ ഈ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കാനാണ്. ബിസിസിഐയും തലപ്പത്തുള്ള ജയ് ഷായും പാകിസ്ഥാനുമായുള്ള മത്സരത്തിനെ പ്രൊമോട്ട് ചെയ്തതിന്റെ പകുതിയെങ്കിലും ലോകകപ്പിനെ പ്രൊമോട്ട് ചെയ്തിരുന്നെങ്കിൽ ഒഴിഞ്ഞ സീറ്റുകളുള്ള ആദ്യ മാച്ച് ഒരിക്കലും സംഭവിക്കില്ലായിരുന്നു. പാകിസ്ഥാനെതിരെയുള്ള കളിയെ രാഷ്ട്രീയപരമായി ബിജെപിയും പ്രൊമോട്ട് ചെയ്തപ്പോൾ, എല്ലാ ഫലത്തിലും പരാജയപ്പെട്ട ഒരു സംഘാടനത്തിന്റെ കഥ കൂടിയാണ് ജനങ്ങൾ ഒറ്റയടിക്ക് മറന്നുകളഞ്ഞത്.

സംഘപരിവാറിന്റെ ഈ ആൾക്കൂട്ടമാണ് കായിക മൈതാനങ്ങളെപ്പോലും ഹേറ്റ് ക്യാമ്പയിനുകളുടെ ഇടങ്ങളായി മാറ്റുന്നത്. വിരാട് കോഹ്‌ലിയും ബാബർ അസമും കൈപിടിച്ച് സൗഹൃദം പങ്കിട്ട്, ജേഴ്സി കൈമാറി സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടിപ്പിച്ചാൽ പോലും ഇവർക്ക് വെറുപ്പ് അനിയന്ത്രിതം പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഈ വെറുപ്പിൽ നീതിന്യായ വ്യവസ്ഥ പോലും കണ്ണടയ്ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്വന്തം ടീമിനെ പിന്തുണയ്ക്കുന്നതിൽനിന്ന് പാക്ക് പൗരനെ തടഞ്ഞ ബംഗളൂരു പൊലീസുകാരൻ്റെ വീഡിയോ.

Virat Kohli Gifts Babar Azam Signed Team India Jerseys After IND vs PAK CWC 2023 Match, Pics and Video Goes Viral! | 🏏 LatestLY

മോദി പറയുന്നുണ്ട്, 2036ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തലാണ് ലക്ഷ്യമെന്ന്. അന്നും വിദ്വേഷം മാത്രം കൈമുതലുള്ള ഈ ആൾകൂട്ടമാണ് സ്റ്റേഡിയങ്ങൾ നിറയ്ക്കുന്നതെങ്കിൽ കായികഭൂപടത്തിൽ ഇന്ത്യയ്ക്ക് അഭിമാനമല്ല, അപമാനം മാത്രമാണ് ഉണ്ടാകുക. എന്നാൽ അത് അപമാനമാണെന്ന് പോലും അവർക്ക് മനസ്സിലാകില്ല എന്നതാണ് സത്യം. അവർ വീണ്ടും വിദ്വേഷപ്രചാരണങ്ങൾക്കൊണ്ട് കളിക്കളങ്ങളെ നിറയ്ക്കും. ജൻ്റിൽമെൻഷിപ്പിനെ അവർ വെറുംവാക്കാക്കി മാറ്റുമെന്ന് ഉറപ്പാണ്. നമ്മുടെ കളിക്കളങ്ങൾ അത്രയ്ക്ക് വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും ചൂടേറ്റ് കഴിഞ്ഞു!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News