പിതാവിന്റെ ദത്തുപുത്രിയെ വിവാഹം ചെയ്തു, പിന്നീട് കൊലപ്പെടുത്തി, ചുരുളഴിഞ്ഞത് അപസര്‍പ്പക കഥ

ഒടുവില്‍ വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നേപ്പാളില്‍ നിന്നും ജയ്‌റാം ലൊഹാനിയെത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ആറുദിവസത്തിന് ശേഷമാണ് മൃതദേഹം ഏറ്റെടുക്കാന്‍ ജയ്‌റാം ലൊഹാനി എത്തി ചേര്‍ന്നത്. ഫോണ്‍വഴിയും വാട്ട്‌സ്ആപ്പ് വഴിയുമുള്ള പൊലീസിന്റെ നിരന്തരമായ ഇടപെടലിനൊടുവിലാണ് ജയ്‌റാം മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലേക്ക് എത്തിയത്.

ചണ്ഡിഗഡിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റലിന്റെ വളര്‍ത്തച്ഛന്‍ മാത്രമല്ല, ഭര്‍തൃപിതാവ് കൂടിയാണ് ജയ്‌റാം ലൊഹാനി. ക്രിസ്റ്റലിനെ കൊലപ്പെടുത്തിയതിന് പൊലീസ് കസ്റ്റഡിയിലാണ് ജയ്‌റാം ലൊഹാനിയുടെ മകന്‍ ആഷിഷ് ലൊഹാനി. ഒരു അപസര്‍പ്പക കഥപോലെ തോന്നിക്കുന്ന സംഭവപരമ്പരകളുടെ ഒടുക്കമാണ് മകന്‍ കൊലപ്പെടുത്തിയ വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ജയ്‌റാം ലൊഹാനി നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തിയത്.

മാര്‍ച്ച് പത്തിന് ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലെ ഒരു ഹോട്ടല്‍ മുറയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു ക്രിസ്റ്റലിന്റെ മൃതദേഹം കണ്ടെടുത്തത്. ക്രിസ്റ്റലിനെ കൊലപ്പെടുത്തിയതിന് ശേഷം രക്ഷപെട്ട ആഷിഷ് ലൊഹാനിയെ മൊഹാലി അതിര്‍ത്തിയില്‍ നിന്ന് പൊലീസ് പിടികൂടിയതോടെയാണ് കൊലപാതകത്തിന് പിന്നിലെ വിവരങ്ങള്‍ വെളിപ്പെടുന്നത്.

നേപ്പാളിലെ നവല്‍പരാസി ജില്ലയില്‍ വസ്ത്രവ്യാപാരിയായിരുന്നു ജയ്‌റാം. 14 വയസ്സുള്ളപ്പോഴാണ് ജയ്‌റാം ലൊഹാനി ക്രിസ്റ്റലിനെ ദത്തെടുക്കുന്നത്. പിന്നീട് ലൊഹാനിയുടെ മകന്‍ ആഷിഷും വളര്‍ത്തു മകള്‍ ക്രിസ്റ്റലും തമ്മില്‍ പ്രണയത്തിലായി. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ ഇരുവരും രഹസ്യമായി വിവാഹംകഴിച്ച് വീട്ടില്‍ താമസം തുടര്‍ന്നു. പിന്നീട് ആഷിഷിന് പഞ്ചാബിലെ ഒരു നിശാക്ലബില്‍ ജോലി ശരിയായതോടെ ഇരുവരും ഇന്ത്യയിലെത്തി താമസം തുടങ്ങി. താമസിയാതെ ക്രിസ്റ്റല്‍ ഒരു സ്പായില്‍ ജോലി ശരിയാക്കി.

ആദ്യം ലുധിയാനയില്‍ താമസിച്ചിരുന്ന ഇവര്‍ പിന്നീട് മൊഹാലിയിലേക്ക് താമസം മാറ്റി. തുടര്‍ന്ന് മനി മജ്‌റ എന്ന സ്ഥലത്തേക്കും ഇവര്‍ താമസം മാറുകയായിരുന്നു. അവിടെ വച്ച് ആഷിഷ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതോടെ ക്രിസ്റ്റലും ആഷിഷും തമ്മില്‍ വഴക്ക് പതിവായി. പ്രണയിച്ച പെണ്‍കുട്ടിയെയും കൂട്ടി നേപ്പാളിലേക്ക് രക്ഷപെടാന്‍ ഇതിനിടയില്‍ ആഷിഷ് ശ്രമിച്ചു. എന്നാല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ആഷിഷിനെ പൊലീസ് പിടികൂടി. ഇതോടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ അവരുടെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ടുപോയി.

ഇതിനിടയില്‍ ക്രിസ്റ്റലും മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വീണ്ടും ക്രിസ്റ്റലിനെ ജീവിതത്തിലേക്ക് കൂട്ടാന്‍ ആഷിഷ് ശ്രമിച്ചെങ്കിലും ക്രിസ്റ്റല്‍ തയ്യാറായില്ല. ഇതോടെയാണ് ആഷിഷ് ക്രിസ്റ്റലിനെ മാര്‍ച്ച് 9ന് ചണ്ഡിഗഡിലെ ഐടി പാര്‍ക്ക് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ആലീന എന്ന പേരിലായിരുന്നു ക്രിസ്റ്റലിനെ ആഷിഷ് അവിടെ താമസിപ്പിച്ചത്. പിന്നീട് ഇരുവരും വഴക്കുണ്ടാകുകയും ആഷിഷ് ക്രിസ്റ്റലിനെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.

കൊലപ്പെടുത്താനുറച്ച് ആയുധവും കരുതിയാണ് ക്രിസ്റ്റലിനെ ഹോട്ടലിലേക്ക് കൂട്ടിവന്നതെന്നാണ് ആഷിഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ താടിയും മുടിയും എടുത്ത് വേഷം മാറിയാണ് ആഷിഷ് മൊഹാലിയിലെത്തിയത്. പാസ്ബുക്കും എടിഎമ്മും വാങ്ങാനെത്തിയ ആഷിഷിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുയായിരുന്നു. കൊലപാതകത്തിന് പിന്നാലെ എടുത്ത ക്രിസ്റ്റലിന്റെ ചിത്രങ്ങളും ആഷിഷിന്റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ക്രിസ്റ്റലിന്റെയും ആഷിഷിന്റെയും ബന്ധം ജയ്‌റാം ലൊഹാനിക്കും കുടുംബത്തിനും അറിയാമായിരുന്നെന്നും ഇവരുടെ വിവാഹം കുടുംബം അംഗീകരിച്ചിരുന്നെന്നുമാണ് പൊലീസിനോട് ജയ്‌റാം വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടെയും ബന്ധം വഷളാകുന്നത് വരെ ക്രിസ്റ്റലും ആഷിഖും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും ജയ്‌റാം ലൊഹാനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News