സിഎസ്ബി സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി ) ഡിസംബര്‍ 18ന് രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്ത് ബാങ്ക് റീജിയണല്‍ ഓഫീസിന് മുന്നില്‍ ആരംഭിക്കുന്ന ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സനില്‍ ബാബു, സിഎസ്ബി സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജെറിന്‍ കെ. ജോണ്‍, ബാങ്ക് ടെംപററി എംപ്‌ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. വി.ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുക്കും.
ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കിയ 11,12 ഉഭയകക്ഷി കരാറുകള്‍ സിഎസ്ബി ബാങ്കില്‍ നടപ്പിലാക്കുക, തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, സ്ഥിര നിയമനങ്ങള്‍ നടത്തുക, ചെറുകിട ഇടപാടുകാരെ ബാങ്കില്‍ നിന്ന് അകറ്റുകയും വായ്പകള്‍ നിഷേധിക്കുകയും ചെയ്യുന്ന നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ.
ALSO READ: ‘എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ’: ഫാസില്‍ മുഹമ്മദ്
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ബാങ്കുകളില്‍ ഒന്നായ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സ് ഏറ്റെടുത്തത് 2016 ലാണ്. കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയാണ് മാനേജ്‌മെന്റ്. ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കിയ 11,12 വേതന പരിഷ്‌കരണ കരാറുകള്‍ ബാങ്കില്‍ നടപ്പാക്കിയിട്ടില്ല. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുകയും പിരിച്ച് വിടുകയും ചെയ്യുന്ന നടപടികള്‍ക്കും മാനേജ്‌മെന്റ് തയ്യാറായി. 2016 ല്‍ 4000 സ്ഥിര ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അവരുടെ എണ്ണം 900 മാത്രമാണ്. ഉള്ളവര്‍ തന്നെ കോസ്റ്റ് ടു കമ്പനി എന്ന ഓമനപ്പേരിട്ട് വിളിക്കപ്പെടുന്ന കൃത്യമായ സേവന വേതന വ്യവസ്ഥകള്‍ ഇല്ലാത്ത ജീവനക്കാരാണ്. ഇതിനെതിരെ ജീവനക്കാര്‍ തുടര്‍ച്ചയായ സമരപാതയിലാണ്.
സമര പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍- തൃശ്ശൂര്‍- തിരുവനന്തപുരം – കോട്ടയം എന്നിവിടങ്ങളില്‍ സിഎസ്ബി ബാങ്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ പരിപാടികളും ഏകദിന ധര്‍ണയും സംഘടിപ്പിച്ചു വരികയാണ്. കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ നടന്നു കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here