കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ഗാനസന്ധ്യ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് സംഭവിച്ചെന്ന വിലയിരുത്തലിൽ പൊലീസ്. കൂടുതൽ ആളുകൾ ഓപ്പൺ സ്റ്റേജിന് മുൻവശമെത്തിയിട്ടും ഗേറ്റ് തുറക്കാൻ സംഘാടകർ തയ്യാറാകാതിരുന്നത് അപകടത്തിന് ആക്കം കൂട്ടിയെന്നും നിഗമനം. പ്രിൻസിപ്പൽ അധ്യക്ഷനായ സംഘാടക സമിതിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണ സംഘം കണ്ടെത്തി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ക്യാംപസിൽ നടന്ന ദുരന്തത്തിൽ 16 പേരുടെ മൊഴിയാണ് ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയത്.
അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെ മൊഴിയെടുക്കൽ വരും ദിവസങ്ങളിലും തുടരും. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹുവിന്റെയും കുസാറ്റ് വിസി, രജിസ്‌ട്രാർ എന്നിവരുടെയും മൊഴിയെടുത്തു. സംഘാടക സമിതിയായി പ്രവർത്തിച്ച മലബാറിസ് സ്റ്റുഡൻസ് കമ്യൂണിറ്റി ഗ്രൂപ്പ് അംഗങ്ങളുടെ മൊഴി അന്വേഷണ സംഘം വിശദമായി ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗാനസന്ധ്യ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് സംഭവിച്ചെന്ന വിലയിരുത്തലിൽ പൊലീസ് എത്തി ചേർന്നത്. കൂടുതൽ ആളുകൾ ഓപ്പൺ സ്റ്റേജിന് മുൻവശമെത്തിയിട്ടും ഗേറ്റ് തുറക്കാൻ സംഘാടകർ തയ്യാറാകാതിരുന്നത് അപകടത്തിന് ആക്കം കൂട്ടിയെന്നും പൊലീസ് കണ്ടെത്തി.
Also Read; ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയിൽ 5 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
പ്രിൻസിപ്പൽ അധ്യക്ഷനായ സംഘാടക സമിതിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സിൻഡിക്കറ്റ് നിയോഗിച്ച സമിതിയും അപകടത്തിൽ അന്വേഷണം ആരംഭിച്ചു. പരിപാടിയുടെ സംഘാടനത്തിൽ വന്ന വീഴ്ചകളെപ്പറ്റി പഠിക്കാനും ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാനുമാണ് കെകെ കൃഷ്ണകുമാർ കൺവീനറായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ശശിഗോപാലൻ, ഡോ. വിജെ ലാലി എന്നിവരാണ് സമിതി അംഗങ്ങൾ. ഡിസംബർ ഒന്നിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. അപകടത്തിൽ പരിക്കേറ്റ് ഏഴുപേരാണ് ചികിത്സയിലുള്ളത്. നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് മൂന്നു പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here