കുസാറ്റ് ദുരന്തം: പ്രിൻസിപ്പലും രണ്ട് അധ്യാപകരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

cusat-stampede

കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മൂന്ന് പ്രതികളാണുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍ ബിജു എന്നിവരാണ് പ്രതികള്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

2023 നവംബര്‍ 25നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കുസാറ്റിലെ എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിക്കുകയായിരുന്നു.

Also Read: പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

കുസാറ്റില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന് ഒരു വര്‍ഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നുപേര്‍ പ്രതികളായ കുറ്റപത്രം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. സ്‌ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, അധ്യാപകരായ ഗിരീഷ്‌കുമാരന്‍ തമ്പി, ഡോ.എന്‍ ബിജു എന്നിവരാണ്, അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍. മൂവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ചുമത്തിയത്.

സ്‌ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ധിഷണ ഫെസ്റ്റിന്റെ ചെയര്‍മാനായിരുന്നു പ്രിന്‍സിപ്പലായിരുന്ന ദീപക് കുമാര്‍ സാഹു. അധ്യാപകര്‍ കണ്‍വീനറും ട്രഷററുമായിരുന്നു. ആറംഗ സംഘാടകനേതൃ സമിതിയില്‍ മറ്റ് മൂന്നുപേര്‍ വിദ്യാര്‍ഥികളായിരുന്നു. നാലുപേര്‍ മരിക്കാനിടയായ ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംഘാടകസമിതിക്ക് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കാണ് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മുന്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News