കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സാ ചെലവും സര്‍വകലാശാല വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറിനോടും ഹയര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാലുപേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ രാത്രി തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
കുസാറ്റിലെ പൊതുദശനത്തിനുശേഷം മൃതദേഹങ്ങള്‍ സ്വന്തം വീടുകളിലേയ്ക്ക് കൊണ്ടുപോകും. അതേസമയം മന്ത്രിമാരായ പി.രാജീവും ആര്‍ ബിന്ദുവും അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തെക്കുറിച്ച് പൊലീസും ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു.
കഴിഞ്ഞദിവസം കളമശേരി കുസാറ്റില്‍ ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. 40ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ശനി വൈകിട്ട് ഏഴോടെയായിരുന്നു ദുരന്തം. എന്‍ജിനിയറിങ് ഡിപ്പാര്‍ട്മെന്റിന്റെ ടെക്ഫെസ്റ്റിന്റെ ഭാഗമായാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഗാനസന്ധ്യ സംഘടിപ്പിച്ചത്.
Also Read :‘നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റില്‍ സംഭവിച്ചിരിക്കുന്നത്’; മുഖ്യമന്ത്രി
നിലവില്‍ 31 പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലും 2 പേര്‍ ഐസിയുവിലും ഒരാള്‍ അത്യാഹിത വിഭാഗത്തിലുമുണ്ട്. 18 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും 2 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here