തൃശൂർ തേക്കിൻകാട് മൈതാനത്ത് വർണ പ്രപഞ്ചം തീർത്ത് കുടമാറ്റം. ആവേശം വാനോളം നിറച്ച് പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വർണക്കുടകൾ ഉയർത്തുകയായിരുന്നു. ലയണൽ മെസിക്ക് ആശംസകളർപ്പിച്ചുള്ള കുടകൾ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത.
കടും വർണങ്ങളിലുള്ള കുടകളുമായി ആദ്യം തിരുവമ്പാടി. പുതിയ വർണസങ്കൽപ്പങ്ങളെ കാഴ്ച്ചക്കാരാക്കി പാറമേക്കാവും വർണ്ണ കാഴ്ചകളൊരുക്കി. പുലികളി, തെയ്യം, വടക്കുംനാഥൻ,മുരുകൻ,കൃഷ്ണൻ ,ഭദ്രകാളി, രാമച്ചത്താൽ നിർമ്മിച്ച ഗണപതി, ശിവലിംഗം പശ്ചാത്തലമായുള്ള ശിവനും പാർവ്വതിയും, മാറി മാറി വന്ന് കുടകളിൽ മറഞ്ഞു.
ഒടുവിൽ ഒളിപ്പിച്ചു വച്ച സസ്പെൻസ് , കുട തുറന്ന് പുറത്തു വന്നു. ലോകകപ്പു മേന്തി നിൽക്കുന്ന ഫുട്ബോൾ ലോകത്തെ മിശിഹയായ , ലയണൽ മെസിയ്ക്ക് തിരുവമ്പാടി ദേവസ്വത്തിൻ്റെ പൂരo ആശംസകളായിരുന്നു കുടകളിൽ അവസാനം നിറഞ്ഞു നിന്നത്.
ഇടയ്ക്കിടെ മഴ മേഘങ്ങൾ പൂര നഗരിയുടെ ആകാശത്ത് ഇരുണ്ടുകൂടിയെങ്കിലും പൂരപ്രേമികളുടെ ആവേശത്തെ ഒട്ടുo കെടുത്താനായില്ല. നിയോൺ, എൽഇഡി കുടകളായിരുന്നു എടുത്തു പറയേണ്ട പ്രത്യേകത. തൃശൂർ പൂരത്തിലെ ഏറ്റവും ചേതോഹരമായ ദൃശ്യങ്ങൾ കണ്ടാണ് ഓരോ പൂരപ്രേമിയും മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here