“ഗായത്രിയുടെ പ്രഭാഷണം വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കി”; സൈബർ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം

പ്രശസ്‌ത നടിയും, സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗായത്രി വർഷ, ഫാസിസ്റ്റ് വർഗീയതക്കെതിരെയുള്ള സാംസ്‌കാരിക ഇടപെടലുകളിൽ മുൻപന്തിയിലുണ്ട്. മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗായത്രി വർഷ കേരളത്തിലുടെനീളം നടത്തുന്ന പ്രഭാഷണങ്ങളും , സാംസ്‌കാരിക ഇടപെടലുകളും വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നതിന്‍റെ പ്രതിഫലനമാണ് ജീർണത നിറഞ്ഞുനിൽക്കുന്ന സൈബർ ആക്രമണങ്ങൾ. തൊഴിലിനെയും , സർഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ മനുഷ്യവിരുദ്ധരുടെനീക്കം അതിനിന്ദ്യമാണ്. ജീവിതത്തിന്റെ സകല സന്ദർഭങ്ങളിലും മനുഷ്യസ്നേഹം ഉയർത്തിപ്പിടിക്കുന്ന സമരമുഖങ്ങളുടെ നേതൃനിരയിൽ ഗായത്രി വർഷയുണ്ട്. പ്രതിഭാശാലിയായ ഈ കലാകാരിയെ നിന്ദ്യമായ സൈബർ ആക്രമണംകൊണ്ട് പിന്തിരിപ്പിക്കാമെന്ന് കരുതുന്നവർ മൂഡസ്വർഗത്തിലാണ്.

ജനാധിപത്യ മതേതര വിശ്വാസികൾ ഗായത്രി വർഷക്കൊപ്പം ധീരതയോടെ നിൽക്കും. ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ സർഗാത്മക പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. പ്രസിഡണ്ട് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News