മുംബൈയിൽ തുടർക്കഥയായി സൈബർ തട്ടിപ്പുകൾ; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം

മുംബൈയിൽ സൈബർ തട്ടിപ്പുകൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസമാണ് എഐ വോയ്‌സ് ക്ളോണിങ് തട്ടിപ്പിനിരയായ മലയാളിയുടെ കഥ കൈരളി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ സൈബർ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ് നഗരത്തിൽ വീണ്ടും ആവർത്തിക്കുന്നത്. നവി മുംബൈയിലെ വാഷിയിൽ താമസിക്കുന്ന ഉഷ നായർ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നതെങ്ങിനെ;

മകന്റെ വണ്ടി അപകടത്തിൽപ്പെട്ടെന്ന പേരിൽ തട്ടിപ്പ്

മകൻ ഓടിച്ചിരുന്ന വാഹനം ഒരു അപകടത്തിൽ പെട്ടെന്നും നാല് പേർക്ക് പരിക്കേറ്റ് ആശുപത്രിയിലാണെന്നുമായിരുന്നു അജ്ഞാതന്റെ ഫോൺ. സംഭവമറിഞ്ഞു ഒരു വേള ഞെട്ടിപ്പോയെന്നും ഉഷ പറയുന്നു. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ കുറച്ച് നേരം സ്തംഭിച്ചു പോയപ്പോൾ നിങ്ങൾ ഒരു അമ്മയാണോ മകന്റെ വിവരം അറിഞ്ഞിട്ടും എന്താണ് ഒന്നും മിണ്ടാത്തതെന്നായിരുന്നു മറു ഭാഗത്തെ പ്രതികരണം.

വാഹനവും മകനും കസ്റ്റഡിയിലാണെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്താൽ വാഹനത്തിന്റെ ഉടമസ്ഥാവകാശമുള്ള നിങ്ങൾ അടക്കം ജയിലിൽ പോകുമെന്നായിരുന്നു ഭീഷണി. എഫ്ഐആർ ഒഴിവാക്കാൻ 80000 രൂപയാണ് ആവശ്യപ്പെട്ടത്.വാട്ട്സപ്പിൽ വന്ന ഫോൺ കാളിൽ വിളിച്ചയാളുടെ പ്രൊഫൈൽ ഫോട്ടോ ഒരു പൊലീസുകാരന്റേത് ആയിരുന്നു. ആലോചിക്കാൻ സമയമില്ലെന്നും എഫ്ഐആർ ഫയൽ ചെയ്താൽ നിങ്ങളെയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു അയാൾ ആവർത്തിച്ചത്. പിന്നീട് പരിശോധനയിലാണ് പാകിസ്ഥാനി ഫോൺ നമ്പർ ആയിരുന്നുവെന്ന് കണ്ടെത്തിയത്.

Also Read; വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; കാസർകോഡ് കുമ്പളയിൽ നടന്നത് വൻ കവർച്ച

ഡാറ്റ ചതിച്ചു !! വെട്ടിലായി തട്ടിപ്പ് സംഘം

ഡാറ്റ ചതിച്ച് തട്ടിപ്പ് സംഘം വെട്ടിപ്പിലായി. തട്ടിപ്പ് സംഘത്തെ വെട്ടിലാക്കിയത് വർഷങ്ങൾക്ക് മുൻപ് മരിച്ച മകൻ കസ്റ്റഡിയിൽ ഉണ്ടെന്ന അവകാശവാദമായിരുന്നു. തുടർന്ന് ഉഷ നായർ എന്ന സ്ത്രീ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീടാണ് സമാനമായ സംഭവങ്ങൾ നഗരത്തിൽ പലയിടത്തും ഉണ്ടായ വിവരങ്ങൾ പുറത്ത് വരുന്നത്. കബളിപ്പിക്കപ്പെട്ട പലരും സംഭവം പുറത്ത് പറയാൻ മടിക്കുകയായിരുന്നു. മരിച്ചു പോയ വ്യക്തി കസ്റ്റഡിയിൽ ഉണ്ടെന്ന് അവകാശപ്പെട്ട തട്ടിപ്പ് സംഘം വെട്ടിലായത് അവർക്ക് ലഭിച്ച വ്യക്തിഗത വിവരങ്ങളുടെ ഡാറ്റ അപ്ഡേറ്റ് ആകാതിരുന്നത് കൊണ്ടാകാം.

കോളേജിൽ പഠിക്കുന്ന മകളെ തട്ടികൊണ്ട് പോയെന്ന് ഭീഷണി

ഇൻഡോർ കോളേജിൽ പഠിക്കുന്ന 19 വയസ്സുള്ള മകൾ സുരഭിയെ തട്ടിക്കൊണ്ടുപോയതായി ഒരു അജ്ഞാത നമ്പറിൽ നിന്നാണ് അമ്മ സരിതയെ വിളിച്ചു പറയുന്നത്. “നിങ്ങളുടെ മകൾ ഞങ്ങളുടെ കൂടെയുണ്ട്. പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ ഇനി അവളെ നിങ്ങൾ കാണില്ല”. ഇതായിരുന്നു ഫോണിലൂടെ ഭീഷണി. ഈ സമയം പശ്ചാത്തലത്തിൽ പെൺകുട്ടി കരയുന്നത് കേൾക്കാമായിരുന്നുവെന്ന് സരിത പറഞ്ഞു. അമ്മേ വേഗം രക്ഷിക്കൂ ’ എന്ന സുരഭിയുടെ കരച്ചിൽ താൻ കൃത്യമായി കേട്ടുവെന്നും മൂന്ന് ലക്ഷം രൂപയാണ് ഇയാൾ മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

തളർന്നു പോയ സരിത മകളുടെ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചു വിവരമറിയിച്ചു. ഭർത്താവ് ഉടനെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപ് തന്നെ സരിത 50,000 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, മകളുടെ ഫോൺ വന്നപ്പോഴാണ് ചതിക്കുഴി മനസിലായത്. അവൾ ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്നെന്നും അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് പറഞ്ഞത്. എഐ- പവർ വോയ്‌സ് ക്ലോണിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പാണിത്.

Also Read; കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഡാറ്റയാണ് ഇത്തരം തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഉറവിടം. ഒരാളുടെ കുടുംബാംഗങ്ങളെ കുറിച്ചും ജോലി, വരുമാനം, ഉപയോഗിക്കുന്ന വാഹനങ്ങൾ, തുടങ്ങിയ സ്വകാര്യ വിവരങ്ങളടങ്ങിയ ഡാറ്റകൾ ചോർത്തിയും അനധികൃതമായി വാങ്ങിയുമാണ് സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നത്. ഓൺലൈൻ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യാനും രഹസ്യമായി വിവരങ്ങൾ രേഖപ്പെടുത്താനും കഴിയുന്ന സ്പൈ വെയറുകളാണ് ഇതിനായി തട്ടിപ്പ് സംഘങ്ങൾ സാധാരണയായി ഉപയോഗിക്കുന്നത്. അങ്ങിനെയാണ് ഒരാളുടെ ശബ്ദം വരെ ചോർത്തിയെടുത്ത് വോയ്‌സ് ക്ളോണിങ്ങിലൂടെ ദുരുപയോഗം ചെയ്യുന്നതും.

അതെ സമയം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഡാറ്റ ചോർത്തി നടത്തുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ നടപടി എടുക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News