സൈബര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് ലിങ്കണ്‍ ബിശ്വാസിന്‍റെ കൂട്ടാളികളും പിടിയിലെന്ന് സൂചന. ജാര്‍ഖണ്ഡ്,ഹരിയാന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കൊച്ചി സൈബര്‍ പോലീസ് ഉത്തരേന്ത്യന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കും.അതേ സമയം മുഖ്യപ്രതി ലിങ്കണ്‍ ബിശ്വാസിനെ കസ്റ്റഡിയിലാവശ്യപ്പെട്ടുള്ള പോലീസിന്‍റെ അപേക്ഷ കാക്കനാട് കോടതി ഇന്നു പരിഗണിക്കും.
സൈബര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ ബംഗാളിലെ യുവമോര്‍ച്ച നേതാവ് ലിങ്കണ്‍ ബിശ്വാസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉത്തരേന്ത്യയിലുള്ള കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇതെത്തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസിലെ ഒരു സംഘം ജാര്‍ഖണ്ഡ്, മുംബൈ, ഹരിയാന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു.
ALSO READ; വാജ്‌പേയിയുടെ ജന്മശദാബ്‌ദി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബിജെപി എംഎൽഎയ്ക്ക് ചീമുട്ടയേറ്
ഇതിനിടെ ലിങ്കണ്‍ ബിശ്വാസിന്‍റെ കൂട്ടാളികളെ പോലീസ് പിടികൂടിയെന്നാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. തട്ടിപ്പില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലെത്തിക്കും. മുഖ്യപ്രതിയും യുവമോര്‍ച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡന്‍റുമായ ലിങ്കണ്‍ ബിശ്വാസ് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാക്കനാട് സ്വദേശിനിയായ റിട്ടയേഡ് പ്രൊഫസറില്‍ നിന്നും തട്ടിയെടുത്ത 4.12 കോടി രൂപ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ അക്കൗണ്ടുകളെടുത്ത് നല്‍കാന്‍ സഹായിച്ച മലയാളികളായ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലിങ്കണ്‍ ബിശ്വാസിനെക്കുറിച്ച് വിവരം ലഭിച്ചത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ലിങ്കണെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടുള്ള പോലീസിന്‍റെ അപേക്ഷ കാക്കനാട് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ വിശദമായി ചോദ്യം ചെയ്യാനാണ് സൈബര്‍ പോലീസിന്‍റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here