വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് തീർപ്പാക്കിയത് 367 പരാതികൾ; വിവിധ പരാതികളിൽ എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകി

വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് 367 പരാതികൾ തീർപ്പാക്കി. വിവിധ പരാതികളിലായി എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകി. ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇതുവരെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഓൺലൈനായും നേരിട്ടും ലഭിച്ച 644 പരാതികളിൽ 367 പരാതികൾ തീർപ്പാക്കി. ആറു മാസത്തിനുള്ളിലാണ് ഈ നേട്ടം. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 29, സോഷ്യൽ മീഡിയ ഹാക്കിംഗ് മായി ബന്ധപ്പെട്ട് 213, വ്യാജ അക്കൗണ്ട് നിർമിച്ച 15, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത 110 എന്നിങ്ങനെയുള്ള 367 പരാതികളാണ് തീർപ്പാക്കിയത്. ഇവയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച 29 പരാതികളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിൽ ആറു ലക്ഷം രൂപ പരാതിക്കാർക്ക് തിരികെ ലഭ്യമാക്കുകയും ചെയ്തു. കൂടാതെ വിവിധ പരാതികളിലായി എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ തന്നെ 179,371 രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകിയിട്ടുമുണ്ട്.

Also Read; തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിഞ്ഞു; മൂവാറ്റുപുഴയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ അധികവും ലഭിക്കുന്നത് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (NCRP) മുഖേനയാണ്. ഒരുപാട് പേർ വ്യാപകമായി വല വിരിച്ച് കെണിയൊരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടുന്നുണ്ട്. ഒരു മാസം മുൻപ് പാര്‍ട് ടൈം ജോലി വാഗ്‌ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ തരുവണ സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപയാണ്. ടെലഗ്രാമില്‍ ഒരു വ്യക്തിയില്‍ നിന്ന് വന്ന മെസേജാണ് തട്ടിപ്പിന് തുടക്കം. ബിസിനസ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോ ഘട്ടങ്ങളില്‍ ഓരോ ടാസ്‌ക് നല്‍കി ചെറിയ ലാഭം നല്‍കി കൂടുതല്‍ തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇരയെ പ്രേരിപ്പിച്ചു. ഘട്ടം ഘട്ടമായാണ് വലിയ തുക തട്ടിയത്. കൂടാതെ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഈ പരാതിയില്‍ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പിന് പുറമെ സോഷ്യൽ മീഡിയ ഹാക്കിംഗ്, ഫെയ്ക്ക് ഐഡി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, സോഷ്യൽ മീഡിയ ദുരുപയോഗം എന്നിങ്ങനെയുള്ള പരാതികളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള മെസ്സേജുകളും വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ രജിസ്റ്റർ ചെയ്ത ഒരു കേസും, ഫേക്ക് ഐഡി നിർമ്മിച്ചു പണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കേസും മറ്റു സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ 15 കേസുകളുമടക്കം 17 കേസുകൾ ഇതുവരെ സൈബർ ക്രൈം സ്റ്റേഷനിൽ ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് തുടങ്ങിയവ ഹാക്ക് ആയി പോകുന്നത് സെക്യൂരിറ്റി ഫീച്ചേഴ്സ് (Two factor authentication) ഓൺ ചെയ്യാതെ ഉപയോഗിക്കുന്നത് മൂലമാണ്. ഹാക്കായ അക്കൗണ്ടുകൾക്ക് എതിർകക്ഷികൾ സെക്യൂരിറ്റി ഫീച്ചേഴ്സ് ഉപയോഗിക്കുന്നത് കാരണം റിക്കവർ ചെയ്തെടുക്കുന്നതും ശ്രമകരമാണ്.

Also Read; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം

* തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ പരാതി നല്‍കണം

തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ടോൾ ഫ്രീ നമ്പരായ 1930 ൽ വിളിച്ചോ, സ്റ്റേഷനിൽ നേരിട്ടോ പരാതി നല്‍കണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News