ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി മാറി. വൈകീട്ടോടെ ബിപോർജോയ് ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തും. ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ തുടരുകയാണ്.
അർദ്ധരാത്രിയോടെ തീവ്ര ന്യൂനമർദമായി മാറിയ ബിപോർജോയ് രാജസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലകളിലാണ് നിലവിൽ ഉള്ളത്. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ താഴെയായി കുറഞ്ഞെങ്കിലും അതീവ ജാഗ്രതയിലാണ് രാജസ്ഥാൻ. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബാര്‍മര്‍, ജയ്‌സാല്‍മിര്‍ ഉള്‍പ്പെടെ രാജസ്ഥാന്‍റെ തെക്കുപടിഞ്ഞാറുള്ള ആറ് ജില്ലകളിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബിപോർജോയ് ഗുജറാത്ത് തീരത്ത് ദുർബലമായെങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്. കനത്ത നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17,00 ഓളം ഗ്രാമങ്ങളെ ചുഴലിക്കാറ്റിന്റെ കെടുതികൾ ബാധിച്ചു. വൈദ്യുതി – മൊബൈൽ ബന്ധങ്ങൾ പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല. കച്ച്, ദ്വാരക ജില്ലകളെയാണ് ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടുതലായി ബാധിച്ചത്. ഈ മേഖലകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഏരിയൽ സർവേ നടത്തും. 101 ട്രെയിനുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. തീരദേശത്തെ നൂറുകണക്കിന് വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ ജില്ലാ കളക്ടർമാർക്ക് ഗുജറാത്ത് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, ദില്ലി
എന്നീ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വൈകിട്ടോടെ ബിപോർജോയിയുടെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here