ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് കര തൊടും, തമിഴ്നാട്ടില്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതയുടെ ഭാഗമായി ചെന്നൈ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ തിരുവാരൂരില്‍ കേന്ദ്ര സര്‍വകലാശാലയുടെ പരിപാടി റദ്ദാക്കി. ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Also Read : http://സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സര്‍വീസുകളും റദ്ദാക്കി. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.

ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രാവിലെ 7:25നും ഭുവനേശ്വറിലേയ്ക്ക് 7:45നും ഹൈദരാബാദിലേയ്ക്ക് 9:20നും ബെംഗളൂരുവിലേയ്ക്ക് 9:35നും പൂനെയിലേയ്ക്ക് രാത്രി 8:45നും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News