എ. പി. സജിഷ
പത്താം വയസ് മുതല്‍ ചതുരംഗത്തില്‍ ലോക കിരീടം കനവ് കണ്ടിരുന്നു ദൊമ്മരാജു ഗുകേഷ്. പതിനെട്ടാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി ചരിത്രനേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്.
ഏഴാം വയസിലാണ് ഗുകേഷ് ചെസ് പഠിക്കുന്നത്. പത്താം വയസ് മുതല്‍ ലോക ചാമ്പ്യനാവാന്‍ കൊതിച്ചു . പതിനെട്ട് വയസില്‍ ചതുരംഗത്തില്‍ ലോക ചാമ്പ്യന്‍. ബുദ്ധി കൂര്‍മതയുടെ കരുക്കള്‍ നീക്കി ഒരു രാജ്യത്തിനാകെ അഭിമാന നിമിഷം.
കൂട്ടുകാലത്ത് മാഗ്‌നസ് കാള്‍സനെ ആരാധിച്ചാണ് ഗുകേഷ് വളര്‍ന്നത്. അതേ കാള്‍സനെ പോലെ വിശ്വജേതാവായി. തമിഴ്‌നാട്ടില്‍ ജനനം. അച്ഛന്‍ ഇ എന്‍ ടി സര്‍ജന്‍. അമ്മ മൈക്രോ ബയോളജിസ്റ്റ് . കളി പഠിച്ച് ആറ് മാസത്തിനകം തന്നെ ഫിഡേ റേറ്റിങിലുള്ള താരമായി മാറി. അന്നേ ലോക ചാമ്പ്യന്‍ പട്ടം മനസില്‍ ഉറപ്പിച്ചു.
Also Read : ലോക ചെസ് കിരീടം ഇന്ത്യയുടെ ഗുകേഷിന്; പരാജയപ്പെടുത്തിയത് ചൈനയുടെ ഡിങ് ലിറെനെ
ലോക ചെസ് ഭൂപടത്തില്‍ ഗുകേഷ് വിജയങ്ങള്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി . ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-12 ലോക ചാമ്പ്യനായി. പിന്നീട് ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 5 സ്വര്‍ണം.
12 വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററാകുന്ന രണ്ടാമത്തെ താരം. 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഗുകേഷിന് അന്ന് റെക്കോര്‍ഡ് നഷ്ടമായത്. ഇന്നിതാ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍. കാലാളും കുതിരയും ബിഷപ്പുമെല്ലാം പോരാടുന്ന ചതുരംഗക്കളത്തില്‍ ഗുകേഷ് ഇനിയും വിജയത്തേര് തെളിക്കട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here