ഡി ശ്രീധരൻനായർ അനുസ്മരണവും പ്രഥമ ബാലപ്രതിഭ പുരസ്കാരവിതരണവും നടന്നു

award

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എൻജിഒ യൂണിയൻ, കെജിഒഎ, ഗസറ്റഡ് എൽഡേഴ്സ് മീറ്റ് എന്നിവയുടെ നേതാവുമായിരുന്ന ഡി ശ്രീധരൻനായരുടെ ഒന്നാം സ്മൃതി ദിന പരിപാടികൾ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയും വൈലോപ്പള്ളി സംസ്കൃതി ഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ത്യാഗനിർഭരമായ ജീവിതം നയിച്ച ശ്രീധരൻനായരുടെ സംഭാവനകളെ അടയാളപ്പെടുത്തുകയെന്നത് സുപ്രധാനമായ രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

18 വയസ്സിൽ താഴെയുള്ള കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രതിഭയ്ക്ക് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഡി ശ്രീധരൻനായർ സ്മാരക ബാലപ്രതിഭാ പുരസ്കാരം ഗായിക പ്രാർത്ഥനാ രതീഷിന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ മൻസൂർ അധ്യക്ഷനായ ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് രാഹുൽ സ്വാഗതം പറഞ്ഞു. സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ ജി എസ് പ്രദീപ് നിർവ്വഹിച്ചു. സംസ്ഥാന ട്രഷറർ ടി ആർ അജയൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി എൻ മുരളി, കെജിഒഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി. എ ജി ഒലീന, ഡോ. പി എസ് ശ്രീകല, പി വി ജിൻരാജ്, ഡോ. എം എ സിദ്ദീഖ്, കെ ജി സൂരജ്, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാസാഹിതി ജില്ലാ സെക്രട്ടറി ബി എസ് ജലജകുമാരി നന്ദി പറഞ്ഞു. റെഡ് വോയിസ് കേരളയുടെ നേതൃത്വത്തിൽ പ്രാർത്ഥന രതീഷും സംഘവും നാടകവിപ്ലവഗാനസന്ധ്യ അവതരിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News