ദീര്‍ഘകാലം ആരോഗ്യത്തോടെ ചിരിക്കാന്‍ ശ്രദ്ധ വേണം പല്ലിന്റെ ആരോഗ്യത്തില്‍

നവംബർ 07 ദേശീയ ബ്രഷിങ് ദിനം. വായയുടെയും പല്ലിന്റെയും ശുചിത്വം പരിപാലിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സിമ്പിള്‍ ആയതുമായ വഴിയാണ് ബ്രഷിങ്ങ് (brushing) അഥവാ പല്ല് തേപ്പ്. ദിവസേന ബ്രഷ് ചെയ്യുന്നത് നിര്‍ബന്ധമുള്ള ഒരു കാര്യമല്ല എന്ന് കരുതുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. ഏറ്റവും അപകടകരമായ ചിന്താഗതിയാണത്. ശരിയായ രീതിയിലും ശരിയായ സമയത്തും ബ്രഷ് ചെയ്യുന്നത് ഒരുപോലെ പ്രധാനമാണ്. തെറ്റായ രീതിയില്‍ ബ്രഷ് ചെയ്യുന്നത്, ചെയ്യാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യവും ഓര്‍മ വേണം.

പല്ല് തേക്കുന്നതിന് പുറമെ, ഭക്ഷണത്തിനു ശേഷം വായ വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതും ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും  ആവശ്യമുള്ളപ്പോള്‍ മൗത് വാഷ്(mouthwash), ഇടക്കൊക്കെ ച്യുയിങ്ഗം(Chewing gum) ഉപയോഗിക്കുന്നതുമൊക്കെ നല്ലതാണ്. വെള്ളം കുടിക്കുന്നതും നല്ലത് തന്നെ. കാരണം വെള്ളം ഒരു ഒരു സ്വാഭാവിക മൗത്ത് വാഷായി പ്രവര്‍ത്തിക്കുന്നു. ഇത് ഇടയ്ക്കിടെ വായ വൃത്തിയാക്കുന്നു. നിങ്ങളുടെ പല്ലുകളുടെയും മോണയുടെയും ഘടന പരിശോധിച്ച് പല്ലുകള്‍ക്കിടയില്‍ വൃത്തിയാക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ വലുപ്പം കുറഞ്ഞ തരത്തിലുള്ള ഇന്റര്‍ഡെന്റല്‍ ബ്രഷുകളും നൂല് പോലുള്ള ഡെന്റല്‍ ഫ്ലോസ്സുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കാം.

Read Also: അങ്ങനങ്ങ് ഉറങ്ങല്ലേ… ഹൃദയം പിണങ്ങും! ശീലങ്ങള്‍ മാറ്റാന്‍ സമയമായി

ബ്രഷിങ്ങ് രീതി

പല്ലുകള്‍ സംരക്ഷിക്കുന്നതിന് ശരിയായ ബ്രഷ് (tooth brush) തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.

പല്ല് തേക്കാന്‍ മൃദുവായ ബ്രഷ് മാത്രം ഉപയോഗിക്കുക.

കൊച്ചു കുട്ടികള്‍ക്കായി അവര്‍ക്ക് ഇണങ്ങുന്ന ബ്രഷുകള്‍ തെരഞ്ഞെടുക്കുക.

രണ്ട് മുതല്‍ മൂന്ന് മിനുട്ട് സമയം വരെയാണ് ബ്രെഷ് ചെയ്യേണ്ട ഏകദേശം സമയം.

പല്ലുകള്‍ മോണയില്‍ നിന്ന് പല്ലിലേക്ക് എന്ന രീതിയിലാണ് ബ്രഷ് ചെയ്യേണ്ടത്. ബ്രഷ് മോണയ്ക്ക് 45 ഡിഗ്രി ചരിച്ച് വച്ച് മേല്‍ത്താടിയിലെ പല്ലുകള്‍ മുകളില്‍ നിന്ന് താഴേയ്ക്കും കീഴ്ത്താടിയിലെ പല്ലുകള്‍ താഴെ നിന്ന് മുകളിലേയ്ക്കും ബ്രഷ് ചെയ്യണം. പല്ലിന്റെ ചവയ്ക്കുന്ന ഭാഗം മുന്നോട്ടും പിന്നോട്ടും ബ്രഷ് ചെയ്യുക. മുകളിലത്തെയും താഴത്തെയും മുന്‍വശത്തെ പല്ലുകളുടെ ഉള്‍ഭാഗം മോണയില്‍ നിന്നും പല്ലിലേക്ക് എന്ന രീതിയില്‍ ബ്രഷ് കുത്തനെ പിടിച്ച് ആണ് വൃത്തിയാക്കേണ്ടത്. പിന്നീട് മുന്‍വശത്തെ പല്ലുകളുടെ മുന്‍ഭാഗവും മോണയില്‍ നിന്നും പല്ലിലേക്ക് ബ്രഷ് ചലിപ്പിച്ച് വൃത്തിയാക്കുക.

Read Also: രാവിലെ എഴുന്നേറ്റയുടന്‍ നിര്‍ത്താതെയുള്ള ചുമയുണ്ടോ? പരിഹരിക്കാം ആഴ്ചകള്‍ക്കുള്ളില്‍

ബ്രഷ് ചെയ്തതിനു ശേഷം മോണയെ വിരലുകള്‍ കൊണ്ട് മസാജ് ചെയ്യുന്നതും നാവ് മൃദുവായി ബ്രഷ് ചെയ്യുന്നതും വായയുടെ ശുചിത്വത്തിന് നല്ലതാണ്. പല്ലു തേയ്ക്കുമ്പോള്‍ അമിതമായി ബലം പ്രയോഗിക്കരുത്. ബലം പ്രയോഗിച്ച് പല്ലു തേയ്ക്കുന്നത് മോണകളെ നശിപ്പിക്കും. ദിവസത്തില്‍ 3-4 തവണയില്‍ കൂടുതല്‍ പല്ലു തേയ്ക്കുന്നതും ദോഷം ചെയ്യും.

രാവിലെയും രാത്രിയും ശരിയായ രീതിയില്‍ ബ്രഷ് ചെയ്താല്‍ പല്ലുകളിലും മോണകളിലും ഭക്ഷണാവശിഷ്ടങ്ങള്‍ കുടുങ്ങി കിടക്കാതെ അവയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സാധിക്കും. പല്ലുകള്‍ക്കിടയില്‍ ടൂത്ത് ബ്രഷിന് എത്താന്‍ പറ്റാത്ത ഇടങ്ങളും ഉണ്ടാവും. അങ്ങനെയുള്ള പല്ലിന്റെ പ്രതലങ്ങള്‍ വൃത്തിയാക്കലും ദന്ത സംരക്ഷണത്തില്‍ പ്രധാനമാണ്.

Read Also: പാദങ്ങള്‍ പൂവ് പോലെ സംരക്ഷിക്കാം; വെറും മൂന്ന് ചേരുവകള്‍ മതി

ഭക്ഷണ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചാല്‍ തുടക്കത്തില്‍ അവ ബ്രഷ് കൊണ്ട് നീക്കം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ മൃദുവായിരിക്കും. പക്ഷെ കാലക്രമേണ അവ കട്ട പിടിക്കുകയും ബ്രഷ് കൊണ്ട് നീക്കം ചെയ്യാന്‍ പറ്റാതാകുകയും ചെയ്യുന്നു. ആറ് മാസത്തില്‍ ഒരിക്കല്‍ ഡെന്റിസ്റ്റിനെ സമീപിച്ചു ‘ക്ലീനിങ്’ ചെയ്യുന്നത് മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനും വായ ശുചിത്വത്തിനും വായനാറ്റം ഒഴിവാക്കാനും സഹായകരമാണ്.

ദന്ത സംരക്ഷണത്തില്‍ മോണയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. മോണ രോഗങ്ങള്‍ സാധാരണ പല്ല് നഷ്ടപ്പെടുന്നതിലേക്ക് നയിക്കാം. ആറ് മാസം കൂടുമ്പോഴുള്ള ക്ലീനിങില്‍ രോഗങ്ങള്‍ മനസിലാക്കാനും ചെറുക്കാനും കഴിയും. ഇന്ന് മുതല്‍ പല്ലിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ തീരുമാനിച്ചാല്‍ ഏറെ കാലം ആരോഗ്യത്തോടെ നമുക്ക് ചിരിക്കാം.

ഡോ. തീര്‍ഥ ഹേമന്ദ് (തീര്‍ഥാസ് ടൂത്ത് അഫയര്‍ ഡെന്റല്‍ ക്ലിനിക്ക്, ഏറ്റുമാനൂര്‍).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News