ദളിത് വിഭാഗത്തിൽ പെട്ട കുട്ടി പന്തിൽ തൊട്ടതിന്റെ പേരിൽ സവർണർ കുട്ടിയുടെ അമ്മാവന്റെ കൈവിരൽ മുറിച്ചു മാറ്റി. ഗുജറാത്തിലെ പത്താൻ ജില്ലയിലെ കാകോഷി ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കീർതി പാർമറാണ് അക്രമത്തിനിരയായത്.
സംഭവത്തിൽ ഏഴു പേർക്കെതിരെ കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. കുൽദീപ് സിങ് രജ്‌പുത്, ജസ്വന്ത് സിങ് രജ്‌പുത്, മഹേന്ദർ സിങ് രജ്‌പുത്, സിദ്ധരാജ് സിങ് രജ്‌പുത്, രാജ്‌ദീപ് സിങ് ദർബാർ, ചകുബ ലക്ഷ്‌മൺജി എന്നിവർക്കും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾക്കെതിരെയുമാണ് കേസ്.
പ്രതികൾ ഗ്രാമത്തിലെ സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സംഭവം. കളിക്കിടെ ദൂരേക്ക് തെറിച്ചു വീണ പന്ത് ആറു വയസുകാരനായ കുട്ടി എടുക്കുകയായിരുന്നു. ഇത് കണ്ട കുൽദീപ് കുട്ടിയെ ശകാരിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞ് കുട്ടിയേയും ദളിത് സമുദായത്തെയും ആക്ഷേപിക്കുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ അമ്മാവനായ ധീരജ് പാർമർ ഇവരെ എതിർത്തു.
തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തിയ കുൽദീപും സംഘവും വൈകിട്ടോടെ ആയുധങ്ങളുമായി തിരികെയെത്തി ആക്രമിക്കുകയായികുന്നു. ധീരജിന്റെ സഹോദരൻ കീർതിയെ ഇവർ മാരകമായി മർദിക്കുകയും തള്ളവിരൽ മുറിച്ചു മാറ്റുകയും ചെയ്‌തു. അവശനിലയിലായ കീർതിയെ ധീരജാണ് ആശുപത്രിയിലെത്തിച്ചത്.
ദളിത് സമുദായങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഗുജറാത്തിൽ വ്യാപകമാണ്. മുൻപും സമാനമായ സംഭവങ്ങൾ ഗുജറാത്തിൽ നടന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here