സവർണ്ണ ജാതിക്കാരും ദളിതരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ മേൽപ്പാടിക്കടുത്തുള്ള ദ്രൗപതി അമ്മൻ ക്ഷേത്രം സീൽ ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങൾ ഭയന്ന് ബുധനാഴ്ചയാണ് ജില്ലാ ഉദ്യോഗസ്ഥർ ക്ഷേത്രം സീൽ ചെയ്തത്. ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഏപ്രിലിലാണ് ഇവിടെ സംഘർഷം ആരംഭിക്കുന്നത്.
പ്രശ്‌നപരിഹാരത്തിനായി ജില്ലാ ഭരണകൂടം പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നം രമ്യമായി പരിഹാരമുണ്ടാക്കാനായില്ല. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലാണ് ദ്രൗപതി അമ്മൻ ക്ഷേത്രം പ്രവർത്തിക്കുന്നത്.
ഈ കഴിഞ്ഞ ഏപ്രിലിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു, ഇത് സവർണ്ണ ജാതിക്കാർ എതിർക്കുകയും, ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്തു. ഈ സംഭവത്തെതുടർന്ന് രണ്ട് സമുദായങ്ങളും തമ്മിൽ സംഘർഷമുണ്ടായി. വിഷയത്തിൽ കുറഞ്ഞത് നാല് എഫ്‌ഐആറുകളെങ്കിലും ഫയൽ ചെയ്തിട്ടുണ്ട്. അതിനാൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് അധികൃതർ ക്ഷേത്രം സീൽ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
അതേസമയം, ജാതിമതഭേദമില്ലാതെ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലുപുരം എംപി ഡി രവികുമാറും മറ്റെല്ലാ പാർട്ടി നേതാക്കളും ജില്ലാ കലക്ടർ സി പളനിക്ക് തിങ്കളാഴ്ച നിവേദനം നൽകി.
Also Read: അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here